Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് ഹർത്താലിൽ‌ പരക്കെ അക്രമം

udf-harthal ആശങ്കയുടെ തീച്ചരുളുകൾ... മലപ്പുറം പെരിന്തൽമണ്ണ താലൂക്കിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽദിനത്തിൽ‌ അങ്ങാടിപ്പുറം മേൽപാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താൻ ഹർത്താലനുകൂലികൾ കത്തിച്ചിട്ട ടയർ നീക്കം ചെയ്യാനുള്ള പൊലീസിന്റെ ശ്രമം.

‌പെരിന്തൽമണ്ണ ∙ താലൂക്കിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. പെരിന്തൽ‍മണ്ണ നഗരസഭാ കാര്യാലയം യുഡിഎഫ് പ്രവർത്തകർ അടിച്ചുതകർത്തു. നഗരസഭാധ്യക്ഷന്റെ കാറും ഓഫിസ് ചുറ്റുമതിലും നശിപ്പിച്ചു. അക്രമികൾക്കെതിരെ പെരിന്തൽമണ്ണയിൽ പൊലീസ് ലാത്തിവീശി. മക്കരപ്പറമ്പിൽ മുസ്‌ലിം ലീഗ് – സിപിഎം ഏറ്റുമുട്ടൽ ഒഴിവാക്കാൻ കണ്ണീർവാതകം പ്രയോഗിച്ചു. 

ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ താലൂക്കിന്റെ വിവിധഭാഗങ്ങളിലും മലപ്പുറം – പാലക്കാട് ജില്ലാ അതിർത്തിയിലും ലീഗ് പ്രവർത്തകർ തടഞ്ഞിട്ടു. ചിലയിടങ്ങളിൽ പൊലീസിനു നേരെ കല്ലേറുണ്ടായി. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ വാഹനം തടഞ്ഞവരെ അറസ്റ്റ് ചെയ്തുനീക്കി. മാധ്യമപ്രവർത്തകരെ മർദിക്കുകയും ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തു. 

അതിരാവിലെത്തന്നെ വിവിധ സംഘങ്ങൾ വിവിധസ്ഥലങ്ങളിൽ അക്രമം നടത്തുകയായിരുന്നു. ടയർ കൂട്ടിയിട്ടു കത്തിച്ചും കല്ലുകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി. വാഹനങ്ങൾ തടഞ്ഞ്, യാത്രക്കാരെ ഇറക്കിവിട്ടു. കോഴിക്കോട് – പാലക്കാട് ബസുകൾ പെരിന്തൽമണ്ണ നഗരം ഒഴിവാക്കിയാണ് സർവീസ് നടത്തിയത്. പട്ടാമ്പി – പെരിന്തൽമണ്ണ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പുലാമന്തോളിൽ തടഞ്ഞു.