Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ: സർക്കാരിനെതിരെ ക്രിമിനൽ കേസ് നൽകണമെന്നു ദയാബായി

Dayabhai ദയ കാത്ത്.... എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഐക്യദാർഢ്യവുമായി അമ്പലത്തറ സ്നേഹവീട്ടിലെത്തിയ സാമൂഹിക പ്രവർത്തക ദയാബായ് ദുരിതബാധിത പ്രജിഷയെ ചേർത്തുപിടിച്ചപ്പോൾ. ചിത്രം: രാഹുൽ ആർ.പട്ടം

കാഞ്ഞങ്ങാട്∙ എൻഡോസൾഫാൻ വിഷയത്തിൽ കോടതി ഉത്തരവ് പാലിക്കാത്ത കേരള സർക്കാരിനെതിരെ സുപ്രീം കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നു പ്രശസ്ത സാമൂഹികപ്രവർത്തക ദയാബായി. കാഞ്ഞങ്ങാട് അമ്പലത്തറയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സ്നേഹവീട്ടിൽ രോഗബാധിതരായ കുട്ടികളുമായും അവരുടെ അമ്മമാരുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു അവർ.

സർക്കാർ ചെവി കേൾക്കാത്തതു പേലെ പ്രവർത്തിക്കുകയാണ്. ഇത്തരം നിലപാടുകൾക്കെതിരെ കോടതിക്കു മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. ദുരിതബാധിതർക്കു മൂന്നു മാസത്തിനകം സഹായധനം നൽകണമെന്നു കാണിച്ച് കഴിഞ്ഞ വർഷം ജനുവരി 10നു നിലവിൽ വന്ന കോടതി ഉത്തരവ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സാമൂഹികപ്രവർത്തകയെന്ന നിലയിൽ ദുരിതബാധിതരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അല്ലാത്തപക്ഷം തനിക്കുള്ള ബന്ധങ്ങൾ ഉപയോഗിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ദയാബായി പറഞ്ഞു.

ആരുമില്ലാത്തവർക്കൊപ്പം പ്രവർത്തിക്കാനാണു താൽപര്യം. ദുരിതം നിറഞ്ഞ ഇവരുടെ ജീവിതം കണ്ടപ്പോൾ പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു. മാധ്യമ ശ്രദ്ധയ്ക്കു വേണ്ടിയല്ല ഈ പോരാട്ടം. മാനുഷികമായ പരിഗണന പോലും ഭരണകൂടം ഇവരോടു കാണിക്കുന്നില്ല. പണം കൊടുക്കും എന്നു പറഞ്ഞതുകൊണ്ടു മാത്രമായില്ല. എൻഡോസൾഫാൻ എന്ന വിഷം പൂർണമായും നീക്കം ചെയ്യണം. പുനരധിവാസഗ്രാമം എന്ന പദ്ധതി നടപ്പാക്കി ഇരകളുടെ പുനരധിവാസം ഉറപ്പാക്കണം.

ദുരിതബാധിതരോട് നീതിപുലർത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇടതുപക്ഷത്തിന്റെ മനുഷ്യത്വമുഖം നഷ്ടപ്പെട്ടു എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ദയാബായി പറഞ്ഞു. ദുരിതബാധിതരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിനു കൃത്യമായ സമയക്രമം നൽകണം. ഇതിനുള്ളിൽ വാക്കുപാലിച്ചില്ലെങ്കിൽ ഉടൻ നിയമനടപടികൾ തുടങ്ങണമെന്നും അവർ പറഞ്ഞു.

നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളും അമ്മമാരും നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യുന്നതു ദയാബായിയാണ്. ഇതിനു മുന്നോടിയായി കാഞ്ഞങ്ങാട്ട് എത്തിയപ്പോഴാണ് ദയാബായി സമരത്തിനു പൂർണമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.