Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ വാക്കു പാലിക്കണം; എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം കരളുരുക്കുന്നതായി

dayabhai-endosulphan-strike മനഃസാക്ഷി ഉണ്ടെങ്കിൽ എരിയട്ടെ: കാസർകോടു നിന്നെത്തിയ എൻഡോസൾഫാൻ ദുരിതബാധിതർ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹം സാമൂഹിക പ്രവർത്തക ദയാഭായി സമരജ്വാല കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. മുൻമന്ത്രി ബിനോയ് വിശ്വം സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരിതം പേറുന്ന അറുപതോളം കുട്ടികളുമായി കുടുംബാംഗങ്ങളും സമരസമിതി പ്രവർത്തകരും സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സത്യഗ്രഹം കരളലിയിക്കുന്നതായി. പരിസ്ഥിതി-സാമൂഹിക പ്രവർത്തക ദയാബായിക്കൊപ്പം കാസർകോട്ടുനിന്ന് ഒരു രാത്രി മുഴുവൻ ട്രെയിൻയാത്ര കഴിഞ്ഞെത്തിയ കുട്ടികൾ സമരപ്പന്തലിൽ അണിനിരന്നപ്പോൾ പലരും അമ്മമാരുടെ മടിയിൽ ഉറക്കച്ചടവിലായിരുന്നു. കൗതുകമായിരുന്നു ഉറങ്ങാതിരുന്നവരുടെ കണ്ണുകളിൽ. ചുറ്റും സംഭവിക്കുന്നതെന്താണെന്നറിയാതെ നിഷ്കളങ്കമായ ചിരിയുമായി കുറച്ചുപേർ ഓടിനടന്നു. ചിലർ പ്രസംഗിക്കുന്നവരെ ആവേശപൂർവം ഉറ്റുനോക്കി നിന്നു. അമ്മമാരുടെ ദേഹത്തു മുഖംപൂഴ്ത്തി, ചുറ്റും മിന്നുന്ന ക്യാമറ ഫ്ലാഷുകളും മൈക്കുകളും ഭീതികലർന്ന കൗതുകത്തോടെ പലരും നോക്കിയിരുന്നു.

വേദനയൊളിപ്പിച്ച മുഖവുമായി ആവശ്യങ്ങൾ നിരത്തുമ്പോൾ പല ​അമ്മമാരും വിങ്ങിപ്പൊട്ടി. പുതിയ സർക്കാർ വരുമ്പോൾ എല്ലാം ശരിയാവുമെന്ന പ്രതീക്ഷ അസ്ഥാനത്തായെന്നും എൻഡോസൾഫാൻ ദുരിതബാധിതർ സർക്കാരിന്റെ ഒരു ലിസ്റ്റിലും പെടാത്തവരാണെന്നും സമരജ്വാല കൊളുത്തി സൂചനാസമരം ഉദ്ഘാടനം ചെയ്ത ദയാബായി പറഞ്ഞു. കൊല്ലാതെ കൊല്ലപ്പെട്ടവരെ വീണ്ടും കൊല്ലുന്ന നിലപാടാണു സർക്കാർ സ്വീകരിക്കുന്നത്. മനസ്സാക്ഷിയില്ലാത്ത ഭരണമാണിവിടെ. ദുരിത പാക്കേജുമായി ബന്ധപ്പെട്ട ജയരാജ് കമ്മിഷൻ നിർദേശങ്ങൾ മികച്ചതായിരുന്നു. എ​ന്നാൽ, സർക്കാർ കമ്മിഷനെ മാറ്റി. സർക്കാരിനു ജനങ്ങളോടാണോ കൂറെന്നു വ്യക്തമാക്കണം. എൻഡോസൾഫാൻ ബാധിത ഗ്രാമങ്ങളിൽ വൈകല്യങ്ങൾ ബാധിച്ച കുട്ടികൾക്കായി സ്കൂളുകളും കൂടുതൽ പുനരധിവാസ കേന്ദ്രങ്ങളും തൊഴിൽകേന്ദ്രങ്ങളും ഉണ്ടാകേണ്ടതുണ്ട്. 

തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ പിണറായി വിജയൻ എൻഡോസൾഫാൻ ഗ്രാമങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പാക്കേജും കുടുംബങ്ങൾക്കുമുള്ള സഹായവും നടപ്പിലാക്കുമെന്നു പറഞ്ഞിരുന്നുവ‌െന്നും ഇതു നടപ്പാക്കാൻ സർക്കാരിനു സാധിച്ചില്ലെന്നും ദയാബായി കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ കാണാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ സമരപ്പന്തലിലെത്തി. അനുഭാവപൂർവമായ സമീപനമാണു സർക്കാരിനുള്ളതെന്നും സമിതി നേതാക്കളുമായി കൂടിയാലോചനയ്ക്ക് അടുത്തയാഴ്ച കാസർകോട്ടു യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. അറുപതോളം കുടുംബങ്ങളും സമരസമിതി അംഗങ്ങളുമടക്കം 250 പേരാണു സമരത്തിൽ പങ്കെടുത്തത്. സർക്കാരിന്റെ ദുരിതബാധിതരുടെ ലിസ്റ്റ് അപ്പാടെ വെട്ടിക്കുറച്ചതായും 1600 പേർ അതിൽനിന്നു പുറത്തായെന്നും സമിതി നേതാക്കൾ കുറ്റപ്പെടുത്തി. 

പ്രശ്നപരിഹാരമായില്ലെങ്കിൽ മാർച്ച് 15 മുതൽ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും സമിതി വ്യക്തമാക്കി. എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, അബ്ദുൽ ഹമീദ്, സിപിഐ നേതാവ് ബിനോയ് വിശ്വം, സമരസമിതി പ്രസിഡന്റ് മുനിസ അമ്പലത്തറ, സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുബൈർ പടുപ്പ്, ഖാദർ ചട്ടഞ്ചാൽ, താജുദീൻ ചേരങ്കൈ, ഗീതാ ജോണി, ബുർഹാൻ തലങ്കര തുടങ്ങിയവർ പ്രസംഗിച്ചു. ആം ആദ്മി പാർട്ടി, എസ്ഡിപിഐ, ഫ്രട്ടേണിറ്റി മൂവ്‌മെന്റ്, കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണൻ, ശാന്തിഗിരി ആശ്രമത്തിലെ സ്വാമിമാരായ ജനതീർഥ ജ്ഞാനതപസ്വി, ഗുരുനന്ദ് ജ്ഞാനതപസ്വി തുടങ്ങിയവർ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തി.