Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 ജി ഇല്ല: ഐഎഎസുകാർക്ക് ബിഎസ്എൻഎൽ ഉപേക്ഷിക്കാമെന്ന് സർക്കാർ നിർദേശം

mobile-connection

തിരുവനന്തപുരം ∙ 4 ജി സേവനമില്ലെന്ന കാരണം പറഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥർക്കു ബിഎസ്എൻഎൽ വിട്ടു സ്വകാര്യ മൊബൈൽ കമ്പനികളുടെ കണക്‌ഷനിലേക്കു മാറാൻ അവസരം നൽകി സർക്കാർ ഉത്തരവ്. ഇന്നു മുതൽ സംസ്ഥാനത്തു ബിഎസ്എൻഎൽ 4 ജി സേവനം തുടങ്ങാനിരിക്കെയാണ് ഇന്നലെ സർക്കാർ ഉത്തരവിറക്കിയത്.

നിലവിലെ ബിഎസ്എൻഎൽ മൊബൈൽ, ബ്രോഡ്ബാൻഡ് കണക്‌ഷനുകൾ എന്നിവയ്ക്കു പകരമായി സ്വകാര്യ കമ്പനികളുടെ കണക്‌ഷനെടുക്കാം. ഒരു വർഷം 90,000 രൂപ വരെ ഫോൺ ഉപയോഗത്തിനായി സർക്കാർ നൽകും. വൈകാതെ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ബിഎസ്എൻഎൽ നമ്പറുകൾ ഉപേക്ഷിച്ചേക്കും.

പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്ന ഉറച്ച നിലപാടുള്ള സർക്കാരാണ് ബിഎസ്എൻഎല്ലിനെ കയ്യൊഴിയുന്നത്. ഉത്തരവിറക്കിയതാകട്ടെ മുഖ്യമന്ത്രിക്കു കീഴിലുള്ള പൊതുഭരണവകുപ്പും. ബിഎസ്എൻഎല്ലിനു 4 ജി സേവനമില്ലാത്തതിനാൽ ഫോൺ ഡേറ്റാ ഉപയോഗം ഫലപ്രദമാകുന്നില്ലെന്നും അതിനാലാണ് സ്വകാര്യ കമ്പനികളിലേക്കു മാറുന്നതെന്നുമാണ് ഉത്തരവിലെ ന്യായീകരണം. എന്നാൽ ഇന്നുമുതൽ ഇടുക്കിയിലും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ജില്ലകളിലും 4 ജി സേവനം ലഭ്യമാകുമെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. 

നിലവിലെ നമ്പർ പോർട്ട് ചെയ്യാൻ നിർദേശിച്ചിട്ടില്ലാത്തതിനാൽ പുതിയ കണക്‌ഷൻ എടുക്കുന്നതോടെ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക നമ്പറുകളെല്ലാം കൂട്ടത്തോടെ മാറുകയും ചെയ്യും. വീട്ടിലെ ബ്രോഡ്ബാൻഡ് കണക്‌ഷനും ഇനി ബിഎസ്എൻഎൽ തന്നെ വേണമെന്നില്ല.