Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സപ്ലൈകോ: ഹനീഷിന്റെ പൂർണ ചുമതല ഒഴിവാക്കി; ഭക്ഷ്യമന്ത്രിക്ക് അതൃപ്തി

Mohammed Hanish

കൊച്ചി ∙ പുതിയ റേഷൻ പരിഷ്കാരങ്ങൾ അന്തിമ ഘട്ടത്തിൽ നിൽക്കേ സപ്ലൈകോ സിഎംഡി മുഹമ്മദ് ഹനീഷിന് സപ്ലൈകോയുടെ പൂർണ ചുമതലയിൽനിന്നു മാറ്റം. മെട്രോ റെയിൽ എംഡിയുടെ പൂർണ ചുമതലയും സപ്ലൈകോ സിഎംഡിയുടെ അധിക ചുമതലയുമായിരിക്കും ഇനി ഹനീഷിന്. മുഖ്യമന്ത്രി നേരിട്ടാണു തീരുമാനമെടുത്തത്. ഹനീഷിനെ സപ്ലൈകോയുടെ പൂർണ ചുമതലയിൽനിന്നു മാറ്റിയതിലും താൻ അറിയാതെ തീരുമാനമെടുത്തതിലുമുള്ള അതൃപ്തി മന്ത്രി പി. തിലോത്തമൻ മുഖ്യമന്ത്രിയെ അറിയിച്ചു.

ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള നടപടികൾ സുപ്രധാന ഘട്ടത്തിലെത്തിനിൽക്കുന്ന സാഹചര്യത്തിൽ മുഹമ്മദ് ഹനീഷിന്റെ പ്രധാന ചുമതലയായി സപ്ലൈകോ സിഎംഡി സ്ഥാനം നിലനിർത്തണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. സപ്ലൈകോ സിഎംഡിയുടെ പൂർണ ചുമതലയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചിയിലെ കേന്ദ്ര സ്മാർട്സിറ്റി എന്നിവയുടെ അധിക ചുമതലയുമാണു മുഹമ്മദ് ഹനീഷ് വഹിച്ചിരുന്നത്. മെട്രോയുടെ എംഡി സ്ഥാനത്ത് പൂർണ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ വേണമെന്ന കേന്ദ്ര നിർദേശമുള്ളതിനാലാണു ചുമതലയിൽ മാറ്റം വരുത്തിയതെന്നു മുഖ്യമന്ത്രി മന്ത്രിയെ ധരിപ്പിച്ചു. അങ്ങനെയെങ്കിൽ സപ്ലൈകോ സിഎംഡി സ്ഥാനത്ത് പൂർണ ചുമതലക്കാരനായ മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനെ നൽകണമെന്നു മന്ത്രി ആവശ്യപ്പെട്ടതായാണു വിവരം.

സംസ്ഥാനത്തു ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണു സപ്ലൈകോ. ഇ–പോസ് യന്ത്രങ്ങളടക്കം സ്ഥാപിച്ചുകൊണ്ടുള്ള റേഷൻ കട ഡിജിറ്റൽവൽകരണം അന്തിമ ഘട്ടത്തിലാണ്. റേഷൻ ഡീലർമാർക്കുള്ള വേതന പാക്കേജ് രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കുന്നതടക്കമുള്ള ചുമതലകളും സപ്ലൈകോയ്ക്കുണ്ട്. എൽഡിഎഫ് സർക്കാർ വന്നതിനു ശേഷമാണു ഭക്ഷ്യഭദ്രതാ പദ്ധതിക്കു ജീവൻ വച്ചതെന്നതിനാൽ പദ്ധതിക്കു നേതൃത്വം വഹിക്കുന്ന മുഹമ്മദ് ഹനീഷ് പൂർണ ചുമതലയിൽ നിന്നു മാറുന്നത് നടത്തിപ്പിനെ ബാധിക്കുമെന്നാണു ഭക്ഷ്യവകുപ്പിന്റെ ആശങ്ക.

അതേസമയം, ഔദ്യോഗികമായി ചുമതലകളുടെ പുനഃക്രമീകരണം നടന്നുവെന്നു മാത്രമേയുള്ളൂവെന്നും സപ്ലൈകോയിൽ പൂർണശ്രദ്ധയുണ്ടാകുമെന്നും മുഹമ്മദ് ഹനീഷ് പ്രതികരിച്ചു. സപ്ലൈകോ ജനറൽ മാനേജരുടെ തസ്തികയും അടുത്തയാഴ്ച ഒഴിവു വരികയാണ്. ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഡപ്യൂട്ടേഷനിലെത്തിയ ജനറൽ മാനേജർ കെ. വേണുഗോപാലിന്റെ കാലാവധി നീട്ടാനുള്ള ശുപാർശ ധനവകുപ്പ് അംഗീകരിച്ചിട്ടില്ല. ജനറൽ മാനേജർ സ്ഥാനത്തേക്കു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ വേണമെന്ന ഭക്ഷ്യവകുപ്പിന്റെ ആവശ്യത്തോടും പൊതുഭരണ വകുപ്പിൽനിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല.