Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യൻ മാറിയതറിയാതെ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ വെബ്സൈറ്റ്

website കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ്.

കോട്ടയം ∙ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ഇപ്പോഴും വകുപ്പു മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സ്ഥാനത്ത് ഉമ്മൻ ചാണ്ടി. www.keralashipping.com എന്ന വെബ്സൈറ്റിലെ എബൗട്ട് അസ് (സ്ഥാപനത്തെ അറിയുക) എന്ന ലിങ്കിൽ ക്ലിക് ചെയ്താൽ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്നു കാണിക്കുന്നത് ഉമ്മൻ ചാണ്ടിയെ. 

കോർപറേഷനെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്ന വിക്കിപീഡിയ പേജിലെ ലിങ്കിൽ ക്ലിക് ചെയ്താൽ www.ksinc.in എന്ന വെബ്സൈറ്റിലേക്കു പോകും. അവിടെ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും പിണറായി വിജയനാണ്. 

സർക്കാരിന്റെ ഔദ്യോഗിക ഡയറി പ്രകാരം www.ksinc.in എന്ന വെബ്സൈറ്റാണ് ഉപയോഗത്തിലുള്ളതെങ്കിലും സേർച്ച് എൻജിൻ സോഫ്റ്റ്‌വെയറിലൂടെ അതിലേക്കെത്താൻ ചെറിയ കടമ്പയൊന്നുമല്ല കടക്കേണ്ടത്. പഴയ വെബ്സൈറ്റിന്റെ ‘ഹോം’ എന്ന ലിങ്കിൽ ക്ലിക് ചെയ്താൽ പുതിയ സൈറ്റിലേക്ക് എത്തും. എന്നാൽ സേർച്ച് എൻജിൻ സോഫ്റ്റ്‌വെയറിൽ നിന്നു പഴയ സൈറ്റിന്റെ എബൗട്ട് അസ് എന്ന പേജ് ആണു തുറന്നുവരിക. അവിടെ നിന്നു പുതിയ വെബ്സൈറ്റിലേക്ക് എത്താനുള്ള ക്രമീകരണം ചെയ്തിട്ടില്ല. 

ഉള്ളടക്കത്തിലും പ്രശ്നം 

ഇരു വെബ്സൈറ്റുകളുടെയും ഉള്ളടക്കത്തിലും പ്രശ്നമുണ്ട്. കൊച്ചിയിലെ പ്രധാന ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഫെറി ബോട്ട് സർവീസ് നടത്തുന്നതായി കോർപറേഷൻ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും പുതിയ വെബ്സൈറ്റിൽ ലഭ്യമല്ല. പഴയ സൈറ്റിലാകട്ടെ, ഒരിടത്തു ഫെറി ബോട്ട് സർവീസ് നടത്തുന്നതായി അവകാശവാദം ഉന്നയിക്കുന്നതിനൊപ്പം മറ്റൊരിടത്തു ‘ഗോശ്രീ’ പാലം നിർമാണം പൂർത്തിയായതോടെ സേവനം അവസാനിപ്പിച്ചതായും പറയുന്നു. പുതിയ സൈറ്റിൽ സ്പീഡ്ബോട്ട് സർവീസ് നടത്തുന്നതായി പറയുന്നുണ്ടെങ്കിലും അതിനെപ്പറ്റി കൂടുതൽ വിവരങ്ങളും ലഭ്യമല്ല. 

കെഎസ്ഐഎൻസി 

കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനെയും (കിൻകൊ) കേരള ഷിപ്പിങ് കോർപറേഷനെയും (കെഎസ്‌സി) 1989ൽ ഒരുമിച്ചുചേർത്താണ് കെഎസ്ഐഎൻസി രൂപീകരിച്ചത്. ഉൾനാടൻ ജലഗതാഗത സംരംഭങ്ങൾക്കു പുതിയ ഗതിവേഗം നൽകുക എന്നതാണ് ഇതുകൊണ്ടു സർക്കാർ ഉദ്ദേശിച്ചത്. 

related stories