Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം–ആർഎംപിഐ സംഘർഷം: ഒഞ്ചിയം മേഖലയിൽ വ്യാപക അക്രമം

cpm-rmp-violance സിപിഎം–ആർഎംപി സംഘർഷത്തെത്തുടർന്ന് ഓർക്കാട്ടേരിയിൽ ആർഎംപി നേതാവ് നിഖിൽ ചന്ദ്രന്റെ വീട്ടുമുറ്റത്ത് നിർത്തിയ കാർ കത്തിച്ച നിലയിൽ.

വടകര ∙ സിപിഎം–ആർഎംപിഐ സംഘർഷമുണ്ടായ ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിൽ പരക്കെ അക്രമം. വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ അക്രമത്തിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. വാഹനങ്ങൾ അഗ്നിക്കിരയാക്കി. ആർഎംപിഐ ഒഞ്ചിയം ഏരിയ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ഊരാളുങ്കൽ ലോക്കൽ സെക്രട്ടറി ടി.കെ. സിബി എന്നിവരുടെ വീടുകൾക്കു കേടുപറ്റി.

അക്രമത്തിനിടെ ചന്ദ്രന്റെ ജ്യേഷ്ഠസഹോദരൻ റിട്ട. അധ്യാപകൻ കുളങ്ങര ഗോപാലൻ, അയൽവാസി അശോകൻ എന്നിവർക്കു പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. ചന്ദ്രന്റെ വീടിനു നേരെ ബോംബെറിയുകയായിരുന്നു.

സ്ഥലത്തു നിന്നു പൊട്ടാത്ത സ്റ്റീൽ ബോംബ് കണ്ടെടുത്തു. ഊരാളുങ്കൽ ലോക്കൽ സെക്രട്ടറി ഒഞ്ചിയം പുന്നേരിതാഴെ ടി.കെ. സിബിയുടെ വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞുടച്ചു. 

ആർഎംപിഐ പ്രവർത്തൻ കണിയാന്റവിട ദാസന്റെ വീട്ടുമുറ്റത്തു നിർത്തിയ കാർ തകർത്തു. ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി കെഎസ്ഇബി റോഡ് റവലൂഷനറി യൂത്ത് പ്രസിഡന്റ് നിഖിൽ ചന്ദ്രന്റെ വീടിനു മുന്നിൽ നിർത്തിയ കാറും ബൈക്കും കത്തിച്ചു. വീടിനു നേരെ അക്രമവുമുണ്ടായി. നിഖിലിന്റെ പിതാവ് ഒ.കെ. ചന്ദ്രനു പരുക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർഎംപിഐ പ്രവർത്തകൻ ഇ. രാധാകൃഷ്ണന്റെ ഓർക്കാട്ടേരിയിലെ സൂര്യകാന്തി ഫാൻസി–റെഡിമെയ്ഡ് കടകൾ കുത്തിത്തുറന്നു സാധനങ്ങൾ തകർത്തു. കാർത്തികപ്പള്ളി പുത്തലത്ത് പൊയിലിലെ ആർഎംപിഐ ഓഫിസും ഒഞ്ചിയം തയ്യിലിലെ പാർട്ടി സ്തൂപവും തകർത്തു. ഞായറാഴ്ച ഓർക്കാട്ടേരിയിൽ ആർഎംപിഐ ഓഫിസ് തകർത്തു ലോക്കൽ സെക്രട്ടറി കെ.കെ. ജയൻ, പ്രവർത്തകരായ എരുവാട്ടി ഗോപാലൻ, ഞാറ്റോത്ത് വിപിൻലാൽ എന്നിവരെ അടിച്ചു പരുക്കേൽപ്പിച്ചതിന്റെ തുടർച്ചയായാണ് അക്രമം അരങ്ങേറിയത്. 

കൊയിലാണ്ടി പുളിയഞ്ചേരിയിൽ ബിജെപി–സിപിഎം സംഘർഷം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവിഭാഗത്തിലുംപെട്ട 12 പേരുടെ വീടുകൾക്കു നേരെ ആക്രമണമുണ്ടായി. സിപിഎം പ്രവർത്തകർക്കു വെട്ടേറ്റതിനെ തുടർന്നാണ് ആക്രമണങ്ങൾ വ്യാപകമായത്.