Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പൽ സ്ഫോടനം: സുരക്ഷാ പരിശോധന സംശയകരമെന്ന് അന്വേഷണ സംഘം

Kochin Shipyard Sagar Bhushan

കൊച്ചി∙ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിയുണ്ടായ സാഗർ ഭൂഷൺ കപ്പലിൽ അറ്റകുറ്റപ്പണിക്കു മുൻപു കൃത്യമായ സുരക്ഷാ പരിശോധന നടന്നിരുന്നുവെന്ന കപ്പൽശാല അധികൃതരുടെ വാദത്തിൽ സംശയം പ്രകടിപ്പിച്ച് അന്വേഷണ ഏജൻസികൾ. പൊട്ടിത്തെറിയുണ്ടായതിനു കാരണം ഗ്യാസ് കട്ടറിന്റെ ട്യൂബിലുള്ള വാതകച്ചോർച്ചയെന്നാണു പ്രാഥമിക നിഗമനം.

ട്യൂബ് ഉൾപ്പെടെയുള്ള സാമഗ്രികൾ കപ്പൽശാലയുടേതല്ലെന്നും കരാർ സ്ഥാപനത്തിന്റേതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ട്യൂബ് സൂക്ഷിച്ചതിലെ അപാകത അപകടത്തിനു കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. പരിശോധന നടത്തിയതും ജോലിക്ക് അനുമതി കൊടുത്തതും രേഖയിലുണ്ട്. എന്നാൽ രാവിലെ ജോലി തുടങ്ങി ഒരു മണിക്കൂറിനുള്ളിലുണ്ടായ വാതകച്ചോർച്ചയും പൊട്ടിത്തെറിയും പരിശോധന നടന്നോ എന്നു സംശയിപ്പിക്കുന്നതാണെന്ന് അന്വേഷണം നടത്തുന്ന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് പറയുന്നു.

അസറ്റ്ലിൻ ചോർച്ചയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഓക്സിജനിൽ മൂന്നു ശതമാനത്തിലേറെ അസറ്റ്ലിൻ കലർന്നാൽ പൊട്ടിത്തെറിക്കു സാധ്യതയുണ്ട്. അസറ്റ്ലിൻ കത്തുമ്പോൾ വിഷവാതകം ഉൽപാദിപ്പിക്കപ്പെടും. തീപ്പൊള്ളലിലാണോ വിഷവാതകം ശ്വസിച്ചാണോ അപകടത്തിൽ മരണം സംഭവിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ അറിയാനാകൂ.

പൊട്ടിത്തെറിയിൽ കപ്പലിനു കേടുപാടുണ്ടായിട്ടില്ലെന്നു കപ്പൽശാല അധികൃതർ പറയുന്നുണ്ടെങ്കിലും അപകടമുണ്ടായതിനു സമീപത്തെ പല കംപാർട്മെന്റുകളുടെയും ഭിത്തികൾ തള്ളി നിൽക്കുന്ന നിലയിലാണ്. ഡയറക്ടർ ഡി. പ്രമോദിന്റെ നേതൃത്വത്തിലാണു ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ അന്വേഷണം. അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.

പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധർ ഇന്നലെ കപ്പലിൽ പരിശോധന നടത്തി. ഫൊറൻസിക് ജോയിന്റ് ഡയറക്ടർ അജിത്, അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരുക്കേറ്റ ഏതാനും പേരുടെ മൊഴിയും രേഖപ്പെടുത്തി.

അപകടത്തിൽ 45 ശതമാനം പൊള്ളലേറ്റു തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കോതമംഗലം പുളിക്കക്കുടി സ്വദേശി ശ്രീരൂപിന്റെ നിലയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വലതു കണ്ണിനു പൊള്ളലേറ്റ കൊല്ലം രോഹിണി നിലയത്തിൽ അഭിലാഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഉദയംപേരൂർ അഞ്ചുതൈക്കൽ ജയ്സണെ തീവ്ര പരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റി.

നെ‍ഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട മാവേലിക്കര സ്വദേശി ടിജുവിന്റെ അവസ്ഥ ഭേദപ്പെട്ടു. ശരീരത്തിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പറവൂർ കൊങ്ങോർപിള്ളി സ്വദേശി കെ.കെ. ടിന്റു വാർഡിൽ നിരീക്ഷണത്തിലാണ്. 

മരിച്ചവരുടെ ആശ്രിതരിൽ ഒരാൾക്കു ജോലി

കൊച്ചി∙ അറ്റകുറ്റപ്പണിക്കിടെ കപ്പലിലുണ്ടായ വാതകച്ചോർച്ചയുടെ ഉറവിടവും കാരണവും ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്നു കൊച്ചി കപ്പൽശാല. ആഭ്യന്തര അന്വേഷണം പൂർത്തിയായ ശേഷമേ ഇതു സംബന്ധിച്ചു സ്ഥിരീകരണം നൽകാനാകൂവെന്നു കപ്പൽശാല ആവർത്തിച്ചു. ഇതിനിടെ അപകടത്തിന് ഇരയായവർക്കു കൂടുതൽ ധനസഹായം പ്രഖ്യാപിച്ചു.

കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണന്റെ നിർദേശപ്രകാരമാണു തീരുമാനം. മരിച്ചവരുടെ ആശ്രിതരിൽ ഒരാൾക്കു ജോലി നൽകും. പരുക്കേറ്റു ചികിൽസയിൽ കഴിയുന്നവർക്ക് രണ്ടുമാസത്തെ വേതനത്തിനു തുല്യമായ തുക കൂടി ഉടൻ നൽകും. നിയമപരമായ നഷ്ടപരിഹാരത്തിനു പുറമേ, പരുക്കേറ്റവർ ജോലിയിൽ മടങ്ങിയെത്തുന്നതു വരെ ശമ്പളവും നൽകും. ഇവരുടെ ചികിൽസാച്ചെലവും വഹിക്കും.

അപകടത്തിൽ മരിച്ചവരുടെ മക്കളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് കപ്പൽശാല വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. അടിയന്തര സഹായമായി 25,000 രൂപ വീതം ഇവരുടെ വീടുകളിൽ എത്തിച്ചു നൽകിയിട്ടുണ്ടെന്നും കപ്പൽശാല അധികൃതർ അറിയിച്ചു.

related stories