Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.പി. ചന്ദ്രശേഖരൻ വധഗൂഢാലോചന: സിബിഐ അന്വേഷണം വേണ്ടെന്നു സർക്കാർ

tp-chandrasekharan

കൊച്ചി∙ ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലെ വൻഗൂഢാലോചനയെക്കുറിച്ചു സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഒരേ വിഷയം ആവർത്തിച്ച് അന്വേഷിക്കേണ്ടതില്ല. അന്വേഷണാവശ്യം സിബിഐ പലതവണ കാര്യകാരണസഹിതം തള്ളിയതിനാൽ സിബിഐക്കു വിട്ടുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം നിലവിലില്ലെന്നും ആഭ്യന്തര വകുപ്പ് വിശദീകരിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ.കെ. രമ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം. രമയുടെ പരാതിയിൽ എടശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തതും സിബിഐക്കു വിട്ട് 2014 ഫെബ്രുവരി 21നു സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതുമാണ്. എന്നാൽ, അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ആ വർഷം മാർച്ച് 14നു സിബിഐ ജോയിന്റ് ഡയറക്ടർ (ചെന്നൈ) മറുപടി നൽകി.

മുഖ്യകേസിന്റെ തുടർച്ചയായി ഗൂഢാലോചനയെക്കുറിച്ച് ലോക്കൽ പൊലീസ് അന്വേഷിച്ചെന്നും സാക്ഷികളുടെയെല്ലാം മൊഴിയെടുത്ത അവർക്ക് അന്വേഷണം എളുപ്പമാണെന്നും മറ്റും ചൂണ്ടിക്കാട്ടിയാണു സിബിഐ ആവശ്യം നിരസിച്ചത്. സിബിഐ നിലപാടു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വീണ്ടും കത്തെഴുതിയെങ്കിലും കേസ് ഏറ്റെടുക്കാനാവില്ലെന്നു സർക്കാരും കേന്ദ്ര പഴ്സനേൽ മന്ത്രാലയവും ആവർത്തിച്ചു.

പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു 2016 ഫെബ്രുവരിയിൽ ആഭ്യന്തരമന്ത്രിയും കേന്ദ്രത്തിനു കത്തെഴുതി. നിലവിൽ എടശേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട മുഖ്യകേസിൽ വടകര പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ വിചാരണക്കോടതിയുടെ വിധി വന്നിരുന്നു. പിന്നീടു ചോമ്പാല പൊലീസ് വധഗൂഢാലോചന അന്വേഷിച്ചു റിപ്പോർട്ട് നൽകുകയും പ്രതികളെയെല്ലാം വിചാരണക്കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. തുടർന്ന്, കൊലയ്ക്കു പിന്നിലെ വൻഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കെ.കെ. രമ നിവേദനം നൽകി.

സർക്കാർ നിയമോപദേശം തേടിയപ്പോൾ, കുറ്റപത്രം നൽകിയ കേസിൽ പുതിയ എഫ്ഐആർ ഇട്ട് അന്വേഷിക്കേണ്ടതില്ലെന്നു 2014 ജനുവരി ആറിനു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ നിയമോപദേശം നൽകി. എന്നാൽ, രമ ആരോപിക്കുന്ന തരത്തിലുള്ള വൻഗൂഢാലോചനയെക്കുറിച്ചു പുതിയ എഫ്ഐആർ ഇട്ട് അന്വേഷിക്കാവുന്നതാണെന്നും ആവശ്യമെങ്കിൽ സിബിഐക്കു വിടാമെന്നും ജനുവരി 10നു മറ്റൊരു നിയമോപദേശം നൽകിയെന്നും തുടർന്നാണ് എടശേരി പൊലീസ് എഫ്ഐആർ ഇട്ടതെന്നും സർക്കാർ വിശദീകരിച്ചു.