Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശോധനയിലെ വീഴ്ചയാകാം സ്ഫോടന കാരണം: ഷിപ്പിങ് ജോ. ഡയറക്ടർ ജനറൽ

കൊച്ചി∙ വാതകച്ചോർച്ച കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനയിലെ വീഴ്ചയാകാം കപ്പലിലെ പൊട്ടിത്തെറിക്കു കാരണമായതെന്നു ഷിപ്പിങ് ജോയിന്റ് ഡയറക്ടർ ജനറൽ. കൊച്ചി കപ്പൽശാലയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും ജോയിന്റ് ഡയറക്ടർ ജനറൽ അജിത്കുമാർ സുകുമാരൻ പറഞ്ഞു.

മരിച്ചവരുടെ ആശ്രിതർക്കു ജോലി നൽകുമെന്ന് പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. പൊട്ടിത്തെറിക്കു കാരണം സുരക്ഷാ പരിശോധനയിലെ പാളിച്ചയാണെന്നാണു കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അറ്റകുറ്റപ്പണിയാണ് ഒഎൻജിസി കപ്പലിൽ നടക്കുന്നത്. രാജ്യാന്തര മാനദണ്ഡം അനുസരിച്ചുള്ള പരിശോധനകളാണ് 12 മണിക്കൂർ ഇടവേളയിൽ നടക്കേണ്ടത്. വായുസഞ്ചാരം കുറഞ്ഞ ചേംബറുകളിൽ കൃത്യമായ പരിശോധന നടത്തിയശേഷം മാത്രമേ മറ്റുള്ളവരെ പ്രവേശിപ്പിക്കാവൂ. ഇത്തരം പരിശോധനയിൽ ഏതുതരം വാതകചോർച്ചയും കണ്ടെത്താം.

കപ്പൽശാല സന്ദർശിച്ച മന്ത്രി പൊൻ രാധാകൃഷ്ണൻ, അപകടത്തിൽ പരുക്കേറ്റവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സന്ദർശിച്ചു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തൽക്കാലം പരിഗണനയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരിശോധനയിലെ സുരക്ഷാപാളിച്ച സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല. കപ്പൽശാല ഓപ്പറേഷൻസ് വിഭാഗം, സംസ്ഥാന സർക്കാർ, ഷിപ്പിങ് മന്ത്രാലയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഇവരുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ മാത്രമേ കേന്ദ്ര ഏജൻസിയെ പരിഗണിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

related stories