Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് നിരക്കുവർധന മാർച്ച് ഒന്നുമുതൽ

busss-fare

തിരുവനന്തപുരം ∙ ബസ് നിരക്കുവർധന മാർച്ച് ഒന്നിനു നിലവിൽ വരും. ഓർഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. സൂപ്പർ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയാണ്. ഫെയർസ്റ്റേജിൽ മാറ്റമില്ല. വിദ്യാർഥികൾക്കുള്ള മിനിമം നിരക്കിലും വർധനയില്ല. എന്നാൽ, മിനിമം നിരക്കിനുശേഷമുള്ള നിരക്കിൽ ഇപ്പോൾ ഉയർത്തിയതിന്റെ 25% വർധന ഉണ്ടാകും. ഇങ്ങനെ വർധിപ്പിക്കുമ്പോൾ 50 പൈസ വരെയുള്ള വർധന ഒഴിവാക്കും. 

ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ റിട്ട. ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ കണക്കിലെടുത്താണു നിരക്കുവർധന. വിദ്യാർഥികൾക്ക്് ഇളവിനു പ്രായപരിധി നിശ്ചയിക്കണമെന്ന ശുപാർശ മന്ത്രിസഭ തള്ളി. വിദ്യാർഥികൾക്കു 40 കിലോമീറ്റർ വരെയുള്ള യാത്രയ്ക്കു പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർധനയേ ഉണ്ടാകൂവെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ‌ഇതിനു മുൻപു വിദ്യാർഥികളുടെ യാത്രാനിരക്ക് ഉയർത്തിയതു 2012ൽ ആണ്. കെഎസ്ആർടിസി ബസിൽ വിദ്യാർഥികൾക്കുള്ള സൗജന്യയാത്ര തുടരും. 

സ്വകാര്യ ബസ് ഉടമകൾ മിനിമം നിരക്കു 10 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോഴത്തെ വർധന അംഗീകരിക്കില്ലെന്ന്് അവർ അറിയിച്ചിട്ടുണ്ട്്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർക്കാർ തയാറാണെന്നു മന്ത്രി പറഞ്ഞു.

ഓർഡിനറി ബസ് പുതിയ നിരക്ക് ഫെയർസ്റ്റേജ് അടിസ്ഥാനത്തിൽ

ബ്രായ്ക്കറ്റിൽ പഴയനിരക്ക്

മിനിമം 8.00 (7.00), തുടർന്നു വരുന്നവ - 10.00 (9.00), 12.00 (10.00), 13.00 (12.00), 15.00 (13.00), 17.00 (15.00), 19.00 (17.00), 20.00 (18.00), 22.00 (20.00), 24.00 (21.00), 26.00 (23.00), 27.00 (25.00), 29.00 (26.00), 31.00 (28.00), 33.00 (29.00).