Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജ് മന്ത്രിസഭ ചർച്ചചെയ്തില്ല

ksrtc

തിരുവനന്തപുരം∙ പെൻഷൻ പ്രായം 60 ആക്കുന്നത് ഉൾപ്പെടെ കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട ശുപാർശകൾ മന്ത്രിസഭ ചർച്ച ചെയ്യാതെ തൽക്കാലം മാറ്റിവച്ചു.

ഇന്നലെ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജ് മന്ത്രി എ.കെ.ശശീന്ദ്രൻ കൊണ്ടുവന്നെങ്കിലും നയതീരുമാനമായതിനാൽ എൽഡിഎഫിൽ ചർച്ചചെയ്ത ശേഷം മതിയെന്ന ചില മന്ത്രിമാരുടെ അഭിപ്രായത്തെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. 

കെഎസ്ആർടിസിയെ രക്ഷിക്കുന്നതിനുള്ള സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് തയാറാക്കിയ പുനരുദ്ധാരണ പാക്കേജാണു പരിഗണനയ്ക്കു വന്നത്. എന്നാൽ, പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം നയപരമായതിനാൽ എൽഡിഎഫിൽ ചർച്ചചെയ്യാതെ മന്ത്രിസഭ തീരുമാനമെടുക്കുന്നതു ശരിയല്ലെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ, എൽഡിഎഫിലും തുടർന്നു കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയനുകളുമായും ചർച്ച ചെയ്തശേഷം മന്ത്രിസഭ പരിഗണിച്ചാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. നിലവിൽ 56 ആണു പെൻഷൻ പ്രായം. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ ശേഷം സർവീസിൽ കയറിയവർക്ക് 60 വരെ തുടരാം. 

കെഎസ്ആർടിസിയുടെ തിരുവനന്തപുരം, തിരുവല്ല ഉൾപ്പെടെ ഷോപ്പിങ് കോംപ്ലക്സുകൾ സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശവും പാക്കേജിലുണ്ട്. കെഎസ്ആർടിസിയുടെ സഹോദര ധനകാര്യ സ്ഥാപനമായ കെടിഡിഎഫ്സിയാണു ഷോപ്പിങ് കോംപ്ലക്സുകളുടെ കാര്യങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

കെടിഡിഎഫ്സിക്കു ചെലവായ തുക സർക്കാർ നൽകി, ഷോപ്പിങ് കോംപ്ലക്സുകളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്്തമാക്കണമെന്നാണു ഗതാഗത വകുപ്പിന്റെ ശുപാർശ. സർക്കാർ ഉടമസ്ഥതയിൽ ആകുന്ന ഷോപ്പിങ് കോംപ്ലക്സിലെ വാടക പിരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കെഎസ്ആർടിസിക്കു കൈമാറാമെന്നും നിർദേശത്തിലുണ്ട്. നയപരമായ കാര്യമായതിനാൽ എൽഡിഎഫിലും മറ്റു ചില ഘടകങ്ങളിലും ചർച്ചചെയ്ത ശേഷമേ ഇത്തരം കാര്യങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുകയുള്ളൂവെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പിന്നീട് അറിയിച്ചു.

related stories