Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് നിരക്ക് കൂട്ടുന്നു; മിനിമം നിരക്ക് അഞ്ചു രൂപ വരെ കൂടും

bus-charge

തിരുവനന്തപുരം∙ ബസ് നിരക്കു വർധനയ്ക്ക് ഇടതുമുന്നണി നേതൃയോഗത്തിന്റെ അംഗീകാരം. ബസുകളുടെ ഇനം അനുസരിച്ച് ഒരു രൂപ മുതൽ അഞ്ചു രൂപ വരെ മിനിമം നിരക്കു കൂടും. കിലോമീറ്റർ നിരക്കിൽ ആറു പൈസ മുതൽ പത്തു പൈസയുടെ വരെ വർധന. വിദ്യാർഥികളുടെ മിനിമം കൺസഷൻ നിരക്ക് ഇരട്ടിയാക്കാനുള്ള നിർദേശം യോഗം  തള്ളി. വിദ്യാർഥികളുടെ പ്രായപരിധി 24 ആയി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷൻ ശുപാർശയും നിരാകരിച്ചു. 

bus-fare1

ബസ് നിരക്കു വർധന ഇന്നു മന്ത്രിസഭായോഗം പരിഗണിക്കുന്നതു കണക്കിലെടുത്താണ് ഇന്നലെ അടിയന്തര എൽഡിഎഫ് യോഗം ചേർന്നത്. തീരുമാനം നീണ്ടാൽ സമരം തുടങ്ങുമെന്നു സ്വകാര്യ ബസ് ഉടമകൾ അറിയിച്ചിരുന്നു. 2014 ലാണ് ഇതിനു മുൻപു നിരക്കു കൂട്ടിയത്. 

വിദ്യാർഥികളുടെ മിനിമം നിരക്ക് ഒരു രൂപയിൽനിന്നു രണ്ടു രൂപയാക്കണമെന്നായിരുന്നു ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷന്റെ ഒരു ശുപാർശ. ബന്ധപ്പെട്ട വിദ്യാലയം സാക്ഷ്യപ്പെടുത്തുന്ന രേഖയുടെ അടിസ്ഥാനത്തിലാണു കൺസഷൻ അനുവദിക്കുന്നത് എന്നതല്ലാതെ നിലവിൽ പ്രായപരിധിയില്ല. ഇതു ചിലർ ദുരുപയോഗപ്പെടുത്തുന്നുവെന്ന അനുമാനത്തിലാണു പ്രായപരിധി 24 ആക്കണമെന്ന നിർദേശം വച്ചതെങ്കിലും അതിൽ അനൗചിത്യമുണ്ടെന്ന അഭിപ്രായമാണു യോഗത്തിലുണ്ടായത്. അതേസമയം വിദ്യാർഥികളുടെ യാത്രാനിരക്കിൽ ചെറിയ വർധനയുണ്ടാകും. ഇപ്പോൾ ഓരോവാഹനത്തിലും കൂട്ടുന്ന യാത്രാനിരക്കിന്റെ 25% വർധനയായിരിക്കും വിദ്യാർഥികൾക്കു ബാധകം. പൊതു യാത്രാനിരക്കിൽ ഒരു രൂപ കൂടിയാൽ 25 പൈസ വിദ്യാർഥികൾക്കും വർധിക്കും. 

മന്ത്രി എ.കെ. ശശീന്ദ്രനാണു ശുപാർശകൾ യോഗത്തിൽ അവതരിപ്പിച്ചത്. കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമങ്ങളാണു നടക്കുന്നതെന്നും സർക്കാരിനു ശുഭാപ്തി വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റു കാര്യങ്ങളൊന്നും എൽഡിഎഫ് പരിഗണിച്ചില്ല.

തമിഴ്നാട്ടിൽ നിരക്ക് കൂട്ടിയപ്പോൾ സിപിഎം സമരം

ചെന്നൈ ∙ തമിഴ്നാട്ടിൽ കഴിഞ്ഞ മാസം ബസ് നിരക്കു വർധനയ്ക്കെതിരെ നടന്ന സമരങ്ങളുടെ മുൻനിരയിൽ സിപിഎമ്മും ഉണ്ടായിരുന്നു. ഡിഎംകെയുടെ  നേതൃത്വത്തിൽ കോൺഗ്രസും സിപിഎമ്മുമുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചാണു പ്രതിഷേധം സംഘടിപ്പിച്ചത്. മൂന്നു രൂപയിൽ നിന്ന് അഞ്ചായി ഉയർത്തിയ മിനിമം നിരക്ക് പ്രതിപക്ഷ സമരത്തെത്തുടർന്ന് നാലു രൂപയായി കുറച്ചു. ആറു വർഷത്തിനു ശേഷമായിരുന്നു തമിഴ്നാട്ടിലെ നിരക്കുവർധന.