Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം: മുഖ്യമന്ത്രിക്കെതിരെ ആ‍ഞ്ഞടിച്ചു പ്രതിപക്ഷം

Ramesh Chennithala, Oommen Chandy രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി

തിരുവനന്തപുരം∙ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമർശനവുമായി പ്രതിപക്ഷം. സംഭവത്തിനു തൊട്ടുമുമ്പു ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളടക്കം പരോളിൽ ഇറങ്ങിയതു രേഖകൾ സഹിതം വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേസിൽ ഇവരുടെ പങ്ക് അന്വേഷിച്ചേ തീരൂവെന്ന് ആവശ്യപ്പെട്ടു. പ്രതികളെ പിടിക്കാനോ സംഭവത്തെ അപലപിക്കാനോ പോലും സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. യഥാർഥ പ്രതികളെ പിടികൂടുംവരെ ഒരു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയാറല്ലെന്നു തലസ്ഥാനത്തു പ്രത്യേകം വിളിച്ച വാർത്താ സമ്മേളനങ്ങളിൽ ഇരുനേതാക്കളും വ്യക്തമാക്കി.

∙രമേശ് ചെന്നിത്തല: കൊടി സുനിയും പി.കെ.രജീഷും അടക്കം 19 പേർക്കാണ് ഒരുമിച്ചു പരോൾ അനുവദിച്ചത്. പിന്നീട് ഇതിൽ പലരുടെയും കാലാവധി നീട്ടി ഉത്തരവിറക്കി. പരിശീലനം ലഭിച്ചവർ ചെയ്യുന്ന രീതിയിലാണു ഷുഹൈബിനെ കൊലപ്പെടുത്തിയത്. 41 വെട്ടുകളേറ്റു. മൂന്നു സഹോദരിമാരടങ്ങുന്ന കുടുംബത്തിനു താങ്ങായിരുന്ന യുവാവിനെ വെട്ടി തുണ്ടമാക്കിയതു ചുവപ്പു ഭീകരതയല്ലേ. ഞങ്ങൾ ചുവപ്പു ഭീകരതയ്ക്കും കാവി ഭീകരതയ്ക്കും ഒരുപോലെ എതിരാണ്. ഷുഹൈബിന്റെ കുടുംബത്തെ സംരക്ഷിക്കാൻ കണ്ണൂരിൽ 22നു ധനസമാഹരണത്തിനിറങ്ങും. സ്വന്തം വീട്ടിൽനിന്നു പത്തു കിലോമീറ്റർ അകലെ നടന്ന ഈ കൊലയെക്കുറിച്ച് ഒരു വാക്കു മുഖ്യമന്ത്രി പറയാത്തതെന്താണ്? നിയമസഭയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ അദ്ദേഹം നടത്തിയ ഗിരിപ്രഭാഷണം ആരും മറന്നിട്ടില്ല. ഡമ്മി പ്രതികളെ സിപിഎം കൊടുക്കുംവരെ നിഷ്ക്രിയരായി തുടരാനാണു പൊലീസിന്റെ ഭാവമെങ്കിൽ പ്രതിപക്ഷം അനുവദിക്കില്ല.

∙ഉമ്മൻചാണ്ടി: സിനിമാപ്പാട്ടിനെക്കുറിച്ചു വരെ പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ ഒരു ചെറുപ്പക്കാരൻ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടിട്ടു മിണ്ടാത്തതെന്താണ്? ഈ നിശ്ശബ്ദത അദ്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. കൊലയ്ക്കെതിരെ ശബ്ദിക്കാനാവാത്ത, യഥാർഥ പ്രതികളെ പിടിക്കാൻ പൊലീസിന് അനുവാദം കൊടുക്കാത്ത പിണറായിക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ ധാർമികമായി അർഹതയില്ല. മിനിറ്റുകൾക്കകം വിവരം കിട്ടിയിട്ടും തിരച്ചിലിനു പൊലീസ് മണിക്കൂറുകൾ വൈകിയത് എന്തുകൊണ്ടാണ്? ഏറ്റുമുട്ടലിലല്ല ഷുഹൈബ് കൊലപ്പെട്ടത്. നേരത്തേ കൊലവിളി നടന്നിട്ടുമുണ്ട്. അപ്പോൾ സിപിഎം നേതൃത്വത്തിന്റെ അറിവോടെതന്നെയാണ് ഈ കൊല. ഇതിലെ ഗൂഢാലോചന അന്വേഷിക്കണം.

ടിപി കേസിൽ ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന നിലപാടെടുത്തിട്ടില്ല. ആ ക്രൂരകൃത്യം ചെയ്തവരെ പിടികൂടിയശേഷം നിയമപരമായ സാഹചര്യം അനുസരിച്ചു നീങ്ങുകയാണു ചെയ്തത്. 

ഗർഭസ്ഥ ശിശുവിനുപോലും രക്ഷയില്ല. കോഴിക്കോട് കോടഞ്ചേരിയിൽ ഗർഭിണിക്കു സിപിഎം പ്രവർത്തകന്റെ ചവിട്ടേറ്റതിനെത്തുടർന്നാണു ഗർഭസ്ഥ ശിശു മരിച്ചത്. ഷുഹൈബ് കേസിൽ യഥാർഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ അതിശക്തമായ പ്രതികരണം ഉണ്ടാകും. ജനങ്ങളെ അണിനിരത്തി അക്രമരാഷ്ട്രീയത്തെ തുറന്നുകാട്ടും.