Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പൽശാല അപകടം: അസറ്റലിൻ വാതകം തലേന്നു തന്നെ ചോർന്നെന്നു സംശയം

കൊച്ചി ∙ കപ്പൽശാലയിലെ അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ടാങ്ക് പൊട്ടിത്തെറിക്കാൻ ഇടയാക്കിയ അസറ്റലിൻ വാതകം തലേന്നു രാത്രി തന്നെ ചോർന്നിരുന്നെന്നു സംശയം. കപ്പലിന്റെ ഡക്ക് മുഴുവൻ വാതകം പടർന്നിരുന്നു. ഇത്രയും ഉയർന്ന അളവിൽ പൊട്ടിത്തെറിയുണ്ടാകണമെങ്കിൽ വലിയ അളവ് അസറ്റലിൻ ചോർന്നിട്ടുണ്ടാകുമെന്നാണു നിഗമനം. തൊഴിലാളികൾ കട്ടിങ് ജോലി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണു പൊട്ടിത്തെറിയുണ്ടായതെന്നതും അസറ്റലിൻ നേരത്തേ ചോർന്നെന്ന സംശയം ബലപ്പെടുത്തുന്നു. 

സ്റ്റീൽ കട്ടിങ്ങിനു കരാറെടുത്തിരിക്കുന്ന സ്ഥാപനത്തിന്റെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇതു സംബന്ധിച്ച സ്ഥിരീകരണം ലഭിക്കൂ. ഒഎൻജിസിയുടെ ഉടമസ്ഥതയിലുള്ള സാഗർ ഭൂഷൺ കപ്പലിലുണ്ടായ അപകടത്തിൽ അഞ്ചു പേരാണു മരിച്ചത്. 

പൊട്ടിത്തെറിച്ച വാതകം അസറ്റലിൻ ആണെന്ന് ഉറപ്പായ സ്ഥിതിക്ക്, ഇനി കണ്ടെത്തേണ്ടതു പൊട്ടിത്തെറിക്കു പിന്നിലെ തീപ്പൊരിയുടെ ഉറവിടമാണ്. ഗ്യാസ് കട്ടർ ഉപയോഗിച്ചു സ്റ്റീൽ പ്ലേറ്റ് മുറിക്കുന്ന ജോലിയാണു നടന്നിരുന്നത് എന്നതിനാൽ കട്ടറിൽനിന്നുള്ള തീപ്പൊരിയാകാനുള്ള സാധ്യതയാണ് ആദ്യത്തേത്. അസറ്റലിൻ കൂടിയ അളവിൽ ഓക്സിജനുമായി ചേർന്നാൽ ബാഹ്യഘടകത്തിന്റെ ഇടപെടലില്ലാതെ സ്വയം പൊട്ടിത്തെറിക്കുന്ന വാതകമാണ്. കൂടിയ അളവിൽ അസറ്റലിൻ ചോർന്നിട്ടുണ്ടെങ്കിൽ ഈ സാധ്യത തള്ളിക്കളയാനാകില്ല. മൊബൈൽ ഫോൺ ഉപയോഗം മൂലമോ, ഏതെങ്കിലും സ്വിച്ചിൽനിന്നുള്ള തീപ്പൊരി മൂലമോ തീപിടിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. 

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ, പൊട്ടിത്തെറിക്കു കാരണം അസറ്റലിൻ ആണെന്ന നിഗമനത്തിൽ എത്തിയിരുന്നു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലും ഇതു വ്യക്തമായി. വാതകം ചോർന്നതായി ഫയർ സ്റ്റേഷനിലേക്കു ഫോൺ ചെയ്തറിയിച്ചു മൂന്നോ, നാലോ മിനിറ്റിനുള്ളിൽ സ്ഫോടന ശബ്ദം കേട്ടെന്നാണ് ആദ്യദിനം കപ്പൽശാല അധികൃതർ വെളിപ്പെടുത്തിയത്. അങ്ങനെയെങ്കിൽ, വാതകം ചോർന്നുവെന്നു മനസ്സിലായ ശേഷവും ടാങ്കിനുള്ളിൽ തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിച്ചെന്നതു ഗുരുതരമായ വീഴ്ചയാണ്. മരിച്ചവരിൽ രണ്ടു പേർ ടാങ്കിനുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്നവരാണ്. വാതകച്ചോർച്ചയുണ്ടായ സ്ഥലത്തുനിന്നു പുറത്തുകടക്കാൻ തൊഴിലാളികൾക്ക് ഈ നാലു മിനിറ്റ് സമയം ധാരാളം മതിയായിരുന്നു. 

ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണോ, സുരക്ഷാ വീഴ്ചയാണോ അപകടമുണ്ടാക്കിയത് എന്നാണു കണ്ടെത്തേണ്ടത്. വാതകം ചോർന്നെന്നു തിരിച്ചറിഞ്ഞതിനു ശേഷവും ഒരു ഭാഗത്ത് കട്ടിങ് ജോലികൾ നടന്നിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട കരാർരേഖകളും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച രേഖകളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കപ്പൽശാലാ അധികൃതർക്കു കത്തു നൽകിയതായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ ഡി. പ്രമോദ് പറഞ്ഞു. 

അപകടത്തെക്കുറിച്ച് മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റും (എംഎംഡി) അന്വേഷണം തുടങ്ങി. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. സാങ്കേതികമായ പിഴവുകൾ സംഭവിച്ചോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്നും ഈ ഘട്ടത്തിൽ അപകട കാരണം സംബന്ധിച്ച് എന്തെങ്കിലും നിഗമനത്തിൽ എത്താനാകില്ലെന്നും എംഎംഡി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം അപകടങ്ങൾ എങ്ങനെ തടയാം എന്നതു സംബന്ധിച്ച നിർദേശങ്ങൾ അന്വേഷണത്തിനു ശേഷം നൽകും. അപകടത്തിൽ 45% പൊള്ളലേറ്റ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കോതമംഗലം സ്വദേശി ശ്രീരൂപിന്റെ നിലയിൽ മാറ്റമില്ല. പറവൂർ സ്വദേശി കെ.കെ. ടിന്റുവും ആശുപത്രിയിൽ തുടരുകയാണ്. മറ്റുള്ളവർ ആശുപത്രി വിട്ടു.

അസറ്റലിൻ അപകടകാരി

അസറ്റലിൻ മണമോ നിറമോ ഇല്ലാത്ത വാതകത്തിന്റെ ഗണത്തിൽപെട്ടതാണ്. എന്നാൽ, കൂടിയ അളവിൽ പുറത്തെത്തിയാൽ വെളുത്തുള്ളിയുടേതിനു സമാനമായ ഗന്ധമുണ്ടാകും. മൂന്നു ശതമാനം മുതൽ മുകളിലേക്കുള്ള അളവിൽ വായുവിൽ കലർന്നാൽ പൊട്ടിത്തെറിക്കും. പൊട്ടിത്തെറിയുണ്ടായാൽ വിഷവാതകം ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. ലിക്വിഡ് പെട്രോളിയം ഗ്യാസ് ഉപയോഗിച്ചും സ്റ്റീൽ പ്ലേറ്റുകൾ മുറിക്കാറുണ്ടെങ്കിലും കൂടുതൽ തീവ്രത ലഭിക്കുമെന്നതിനാലാണ് ഓക്സിജനൊപ്പം അസറ്റലിൻ ചേർത്ത വാതകമിശ്രിതം–ഓക്സോ അസറ്റലിൻ–ഉപയോഗിക്കുന്നത്.