Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിആർഡിഎസ് ആസ്ഥാനത്ത് വെടിമരുന്ന് പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

PRDS-Blast പിആർഡിഎസ് ആസ്ഥാനത്ത് വെടിമരുന്ന് അപകടം ഉണ്ടായ സ്ഥലത്തിനോടു ചേർന്നു വിശ്രമിച്ചിരുന്ന ഭക്തർ രക്ഷപ്പെട്ട് ഓടിയതിനെത്തുടർന്ന് പായും ബാഗുകളും ചിതറിക്കിടക്കുന്നു. ചിത്രം: മനോരമ

ഇരവിപേരൂർ∙ പ്രത്യക്ഷ രക്ഷാ ദൈവസഭ (പിആർഡിഎസ്) ആസ്ഥാനത്ത് വെടിവഴിപാട് സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ആറുപേർക്കു പരുക്കേറ്റു. കാർത്തികപ്പള്ളി മഹാദേവികാട് പുളിക്കീഴ് മാധവൻചിറ കിഴക്കതിൽ (ദേവദത്ത്) ഗുരുദാസ് (45), ഭാര്യ സുഷമ (ആശ–40) എന്നിവരാണു മരിച്ചത്.

സുഷമയുടെ ബന്ധു വള്ളംകുളം മേമന പ്രഭാകരൻ (64), കാഞ്ഞിരപ്പള്ളി തമ്പലക്കാട് കോടന്നൂർ സജിയുടെ മകൻ അഭിജിത്ത് (17), പൊൻകുന്നം ചിറക്കടവ് ചെന്നാക്കുന്ന് കിണാറത്തു കുന്നേൽ ലീലാമണി (50) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നെയ്യാറ്റിൻകര ഒറ്റശേഖരമംഗലം ശിവമന്ദിരത്തിൽ സ്വർണമ്മ (67), മകൾ കുമാരി വിലാസത്തിൽ വിജയകുമാരി (45), ഏഴംകുളം നെല്ലിക്കാമുറിമേൽ തേജസ് (20) എന്നിവർ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രഭാകരന്റെ നില ഗുരുതരമാണ്.

ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. പൊയ്കയിൽ കുമാര ഗുരുവിന്റെ ജന്മദിന ഉത്സവത്തിന്റെ ഭാഗമായി ഭക്തർ വഴിപാടു വെടിസമർപ്പണം നടത്തുന്ന പതിവുണ്ട്. ഇതിനിടെയാണു സ്ഫോടനമുണ്ടായത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചയുടൻ ഗുരുദാസ് മരിച്ചു. സുഷമ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്.

fire-death ദേവദത്ത് (ഗുരുദാസ്), ഭാര്യ സുഷമ (ആശ).

ഗുരുദാസും സുഷമയും ഷാർജയിലായിരുന്നു. രണ്ടു വർഷം മുൻപാണു നാട്ടിലെത്തിയത്. ഗുരുദാസ് 15 വർഷത്തോളമായി ഷാർജയിൽ വെൽഡിങ് ജോലി ചെയ്യുകയായിരുന്നു. നാട്ടിലും വെൽഡിങ് ജോലിക്കു പോയിരുന്നു. സുഷമ വള്ളംകുളം സ്വദേശിയാണ്. അമൃത, അഖിൽ എന്നിവർ മക്കളാണ്.

അപകടം കതിനയ്ക്കു തീ കൊളുത്തുമ്പോൾ

കതിനയ്ക്കു തീകൊളുത്തുന്നതിനിടെ തീപടർന്നാണ് അപകടമുണ്ടായതെന്ന് അപകടത്തിനു ദൃക്സാക്ഷിയായ ലീലാമണി പറഞ്ഞു. വെടിവഴിപാടിനായി താൻ രസീതെടുത്ത ഉടൻ കതിന കത്തിക്കാൻ നിന്ന ആൾ കതിനയ്ക്കു തീ കൊടുത്തതോടെ മറ്റു കതിനകളും വെടിമരുന്നും സൂക്ഷിച്ച സ്ഥലത്തേക്കു തീപ്പൊരി ചിതറിത്തെറിച്ചു കത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ സ്ഫോടനം നടന്നെന്നും ലീലാമണി പറഞ്ഞു.

ഒട്ടേറെ ഭക്തർ ശ്രീകുമാർ നഗറിലുള്ളപ്പോഴാണ് അപകടം. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് ആളുകൾ നാലുപാടും ചിതറിയോടി. കതിനകളിൽ നിറച്ച ചീളുകളും മണലും തെറിച്ചു പിആർഡിഎസ് ആസ്ഥാനത്തെ മണ്ഡപത്തിന്റെയും സമീപത്തെ വീടുകളുടെയും ചില്ലുകൾ തകർന്നു.

സ്ഫോടനം നടന്നതിന് അഞ്ചു മീറ്റർ മാത്രം അകലെയാണ് അഗ്നിശമനസേനയുടെ വാഹനം നിർത്തിയിരുന്നത്. സേനാംഗങ്ങൾ വാഹനത്തിന്റെ പിൻഭാഗത്തായിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിനു ചെറിയ കേടുപറ്റി. പരുക്കേറ്റവരെ ഈ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.

കരാറുകാരൻ ഒളിവിൽ

വെടിവഴിപാട് കരാർ എടുത്തിരുന്ന വള്ളംകുളം മേമന പള്ളത്ത് സുനിൽകുമാർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. സുനിൽ കുമാറിനാണു കരാറെങ്കിലും ഗുരുദാസ്, പ്രഭാകരൻ, സുഷമ എന്നിവരാണ് നേരിട്ടു നടത്തിയിരുന്നതെന്നും പൊലീസിനു വിവരം ലഭിച്ചു. കരാറുകാരനു ലൈസൻസ് ഇല്ലെന്നും പൊലീസ് പറയുന്നു.

സുഷമയുടെ രണ്ടു കാലും തകർന്നു. മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു. പ്രഭാകരന്റെയും ശരീരം മുഴുവൻ പൊള്ളലേറ്റിരുന്നു. ഇരുവരുടെയും മുഖത്തു ചീളുകൾ തുളഞ്ഞു കയറി മുഖം വികൃതമായ നിലയിലാണു മെഡിക്കൽ കോളജിൽ എത്തിച്ചത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും വൈകിട്ട് മൂന്നരയോടെ സുഷമ മരിച്ചു. പ്രഭാകരൻ ഇപ്പോഴും വെന്റിലേറ്ററിലാണ്.

related stories