Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഴപ്പക്കാരെ രക്ഷിക്കേണ്ട കാര്യം എൽഡിഎഫിനില്ല: കാനം

Kanam Rajendran

മാവേലിക്കര∙ കുഴപ്പക്കാരെ രക്ഷിക്കാൻ ആംബുലൻസുമായി പോകേണ്ട കാര്യം എൽഡിഎഫിനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതു സർക്കാർ വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന സാഹചര്യത്തിൽ പുതിയ അപകടങ്ങൾ എടുത്തു വയ്ക്കേണ്ട കാര്യമില്ല. സിപിഐ ജില്ലാ സമ്മേളനം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട തർക്കത്തെ പരോക്ഷമായി സ്പർശിച്ചു കൊണ്ടാണു കാനം നിലപാടു വ്യക്തമാക്കിയത്. മുന്നണി വിട്ടുപോയവർ തിരികെ വരണം. എന്നാൽ മുന്നണി മര്യാദയുടെ കാര്യത്തിൽ പുതിയ നിർവചനങ്ങൾ വേണ്ടിവരുന്നു. സിപിഎം ദുർബലമായാൽ ഇടതുമുന്നണി ശക്തിപ്പെടുമെന്ന നിലപാട് സിപിഐക്കില്ല. തിരിച്ചും അതേ നിലപാടു പുലർത്താൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ്.

ഒരു പാർട്ടിയിൽ തന്നെ വ്യത്യസ്ത നിലപാടുകളുള്ള ഈ കാലത്തു രണ്ടു പാർട്ടികൾക്ക് ഒരേ നിലപാടാകണം എന്നു പറയുന്നതിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങൾ നടപ്പാക്കുന്നതിൽ മുന്നണിയിൽ എതിരഭിപ്രായമില്ല. പക്ഷേ, അതിനു പുറത്തെ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്.

പ്രകടന പത്രികയിൽ ഇല്ലാത്ത ജനങ്ങളെ ബാധിക്കുന്ന പ്രവർത്തനങ്ങളെ എതിർക്കേണ്ടി വരുമെന്നും അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയെ പരാമർശിച്ച് അദ്ദേഹം വ്യക്തമാക്കി.

related stories