Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പലിലെ പൊട്ടിത്തെറി: സുരക്ഷാ പരിശോധനയിൽ സംശയമുയർത്തി അന്വേഷണ റിപ്പോർട്ട്

കൊച്ചി ∙ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിയിൽ സുരക്ഷയ്ക്കു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻതന്നെ മരിക്കാൻ ഇടയായ സാഹചര്യം ഗുരുതരമാണെന്നു ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് അന്വേഷണ റിപ്പോർട്ട്. അപകടമുണ്ടാകുന്നതിനു രണ്ടു മണിക്കൂർ മുൻപു കപ്പലിൽ നടന്ന സുരക്ഷാ പരിശോധനയെക്കുറിച്ചു റിപ്പോർട്ട് സംശയം ഉയർത്തുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ദേശീയ പുരസ്‌കാരം നേടിയ കൊച്ചി കപ്പൽശാലയിലുണ്ടായ അപകടം നിസാരമായി കാണാനാവില്ല. അപകടമുണ്ടായ 'സാഗർ ഭൂഷൺ' കപ്പലിൽ അന്നു രാവിലെയും സുരക്ഷാപരിശോധന നടത്തിയെന്നാണ് അധികാരികൾ അറിയിച്ചത്.

രാവിലെ ജീവനക്കാർ ജോലിക്കു കയറുന്നതിനു മുൻപു നടക്കുന്നതു നിർണായകമായ വാതക (ഗ്യാസ് ഫ്രീ പെർമിറ്റ്) സുരക്ഷാ പരിശോധനയാണ്. അറ്റകുറ്റപ്പണി നടക്കുന്ന ഭാഗങ്ങളിലെ വാതകചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇതിലുൾപ്പെടുക.  ഈ പരിശോധനയിൽ ചൊവ്വാഴ്ച രാവിലെ വീഴ്ച പറ്റിയിട്ടില്ലെന്നാണ് അധികാരികൾ ആവർത്തിക്കുന്നത്.  ഇതു വിശ്വാസത്തിലെടുക്കാത്ത റിപ്പോർട്ടാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സിന്റേത്.

ഗ്യാസ് കട്ടർ ഉപയോഗിച്ചുള്ള പണികളാണ് അന്നു കപ്പലിൽ നടന്നത്. വാതകം ചോരുന്നതിന്റെ രൂക്ഷഗന്ധം വരുന്നതായി ഫയർ വാച്ച്മാൻ കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞാണു സീനിയർ ഫയർമാൻ കപ്പലിലെത്തിയത്. അതിരാവിലെ നടക്കേണ്ട വാതകച്ചോർച്ചാ പരിശോധനയിൽ വീഴ്ച വന്നില്ലായിരുന്നെങ്കിൽ സ്ഫോടനം ഉണ്ടാവില്ലെന്ന നിലപാടാണു റിപ്പോർട്ടിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് സ്വീകരിച്ചിട്ടുള്ളത്.