Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനത്തിന്റെ ചോദ്യം: സിപിഐയുടെ പത്തൊൻപതോ മാണിയുടെ ആറോ വലുത്?

cartoon

കോട്ടയം ∙ പത്തൊൻപത് എംഎൽഎമാരുള്ള സിപിഐ ആണോ ആറു പേരുള്ള മാണിയാണോ വലുതെന്നു ഗണിതശാസ്ത്രം അറിയാവുന്നവർക്കെല്ലാം അറിയാമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി ഒറ്റക്കെട്ടായി എൽഡിഎഫിലേക്കു വരുമെന്നു വിചാരിക്കുന്നുണ്ടോ? ഒറ്റക്കെട്ടായാലും രണ്ടു കെട്ടായാലും വേണ്ട. കഴിഞ്ഞ തവണ ചെങ്ങന്നൂർ ഉൾപ്പെടെയുള്ള നിയമസഭാ സീറ്റുകളിൽ മാണിയുടെ സഹായം ഇല്ലാതെയാണു ജയിച്ചതെന്നും കാനം പറഞ്ഞു.

മാണിയെ കൂട്ടുന്നതിൽ അഴിമതി തന്നെയാണു പ്രശ്നം. അല്ലാതെ ഞങ്ങൾ തമ്മിൽ അതിർത്തി തർക്കം ഒന്നുമില്ല. ക്രൈസ്തവ സഭയുമായി ആശയങ്ങൾ പങ്കുവയ്ക്കുന്നതിന് ഇടനിലക്കാരന്റെ ആവശ്യം ഇല്ല. അരമനകളിൽ കയറുന്നതിനു കമ്യൂണിസ്റ്റുകാർക്കു വിലക്കൊന്നുമില്ലെന്നും കാനം പറഞ്ഞു.  മാണിക്കു ഞങ്ങളിൽ നിന്നു നല്ല സർട്ടിഫിക്കറ്റ് കിട്ടില്ലെന്നറിയാം അതിനാലാണ് അതു വേണ്ടെന്നു പറയുന്നത്. എൽഡിഎഫിന്റെ അടിത്തറ വികസിപ്പിക്കേണ്ടതു മുന്നണിയുമായി മാനസിക ചേർച്ചയുള്ളവരെ കൂട്ടിയാകണം. മാണി ചിത്രത്തിലേ ഇല്ല – കാനം രാജേന്ദ്രൻ പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തെ സിപിഐ എതിർക്കും. കണ്ണൂരിൽ കൊലപാതക കേസുകളിൽ പ്രതിയല്ലാത്ത ഏക പാർട്ടി സിപിഐ ആണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാണു കൊലപാതകം ഇല്ലാതാക്കാൻ മുൻകയ്യെടുക്കേണ്ടത്. മനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. എൽഡിഎഫ് ഭരണത്തിനു എ പ്ലസ് നൽകുന്നുവെന്നും പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കിയാൽ വീണ്ടും അധികാരത്തിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

related stories