Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭയിൽ മാറ്റത്തിന് കളമൊരുക്കാൻ സിപിഎം

Author Details

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സമ്മേളനത്തിനുശേഷം മന്ത്രിസഭയിലടക്കം അഴിച്ചുപണി ഉണ്ടാകുമോ? ഭരണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു ചർച്ചയിലുള്ള ഈ വലിയ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള വാതിൽ 22ന് ആരംഭിക്കുന്ന തൃശൂർ സമ്മേളനം തുറക്കും. പിണറായി സർക്കാരിന്റെ 19 മാസത്തെ പ്രവർത്തനം സമ്മേളനം വിലയിരുത്തും. ഭരണത്തെക്കുറിച്ചുള്ള പാർട്ടിയുടെ അഭിപ്രായം പ്രവർത്തന റിപ്പോർട്ടിൽ ഇടംപിടിച്ചു കഴിഞ്ഞു. അതിന്മേലുയരുന്ന ചർച്ചകളും നിഗമനങ്ങളും ഒരു പക്ഷേ, അഴിച്ചുപണിക്കു കളമൊരുക്കാം.

ഏപ്രിലിലെ പാർട്ടി കോൺഗ്രസിനു ശേഷം മന്ത്രിസഭയിൽ മാറ്റങ്ങളുണ്ടായേക്കാമെന്ന സൂചനയാണു ശക്തം. മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് സമ്മേളനനാന്തരമെന്നു പറഞ്ഞാണ് ഇ.പി. ജയരാജനെ നേതൃത്വം സമാധാനിപ്പിച്ചത്. കേസിൽ കുറ്റവിമുക്തനായതോടെ എൻസിപിയുടെ എ.കെ. ശശീന്ദ്രനു തിരിച്ചുവരാമെങ്കിൽ അതേ സ്ഥിതിയുള്ള തനിക്ക് എന്തുകൊണ്ടു വാതിൽ തുറക്കുന്നില്ലെന്ന അമർഷം ജയരാജനുണ്ട്. അനാരോഗ്യം ചില മന്ത്രിമാരെ അലട്ടുന്നു. ഉദ്ദേശിച്ച പുരോഗതിയുണ്ടാക്കാൻ മറ്റു ചിലർക്കു കഴിയുന്നില്ലെന്നുമുണ്ട് വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടുള്ള മുഖം മിനുക്കലിനാകും മുതിരുക.

സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ആരൊക്കെ ഇടംപിടിക്കുമെന്നതുകൂടി കണക്കിലെടുത്തു സർക്കാരിൽ മാറ്റങ്ങൾ വരുത്താനാണു സാധ്യത. ജില്ലാ സമ്മേളനങ്ങളിലെല്ലാം സർക്കാരിനെതിരെ വിമർശനമുണ്ടായി. ജിഎസ്ടിയുടെ കാര്യത്തിൽ മന്ത്രി തോമസ് ഐസക്കിനു പിഴച്ചോയെന്ന ചോദ്യം മിക്ക സമ്മേളനങ്ങളിലുമുയർന്നു. പൊലീസിനെതിരെ പറഞ്ഞു ചില ഘട്ടങ്ങളിൽ ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കെതിരെയുമായി വിമർശനങ്ങൾ. പാർട്ടിയും സർക്കാരും ഇനിയും ഇഴുകിച്ചേരാനുണ്ടെന്ന സൂചനയാണു ജില്ലാ സമ്മേളന ചർച്ചകൾ നൽകിയത്. 

പൊതുവിമർശനങ്ങൾ ഇങ്ങനെ

പൊലീസിനു സർവസ്വാതന്ത്ര്യം നൽകിയത് അവർ ദുരുപയോഗം ചെയ്യുന്നു. പാർട്ടിക്കു നിയന്ത്രണമില്ല. ന്യായമായ ആവശ്യങ്ങൾക്കു പോലും പൊലീസ് സ്റ്റേഷനിലേക്കു ചെല്ലാൻ സഖാക്കൾക്കു മടി. ഉദ്യോഗസ്ഥർ കാര്യങ്ങൾ തീരുമാനിക്കുന്നു. പ്രഖ്യാപനങ്ങളല്ലാതെ പലതും നടപ്പാകുന്നില്ല. സർക്കാരിന്റെ മുൻഗണനാ പദ്ധതിയിൽ പെട്ട ‘ൈലഫ്’ നടത്തിപ്പു പിഴച്ചു. മന്ത്രിമാർ വിവാദങ്ങളിൽ പെടുന്നു. സർക്കാരിന്റെ നയരൂപീകരണത്തിലും നടത്തിപ്പിലും പാർട്ടി വഹിച്ചിരുന്ന പഴയ പങ്ക് ഇപ്പോഴുണ്ടോയെന്നു സംശയിക്കണം. പ്രതിപക്ഷത്തിനെതിരെ തുടങ്ങിവച്ച കേസുകൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതു സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു. 

കുത്തേറ്റ് സിപിഐ

സിപിഐയുടെ മന്ത്രിമാർക്കെതിരെ തലങ്ങും വിലങ്ങും വിമർശനം. അവരുടെ ഭക്ഷ്യം, കൃഷി വകുപ്പുകളിൽ അഴിമതിയാണെന്ന ഗുരുതര ആക്ഷേപം ജില്ലാ സമ്മേളനങ്ങളിലുണ്ടായി. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ വകുപ്പുമന്ത്രിക്കു കഴിയുന്നില്ല. വിവാദങ്ങൾ ആളിക്കത്തിക്കാനാണു മന്ത്രിക്കു താൽപര്യം. 

എൽഡിഎഫ് തലപ്പത്തും മാറ്റം വരും

സമ്മേളന ശേഷം പുതിയ എൽഡിഎഫ് കൺവീനർ വരാനും സാധ്യത. അനാരോഗ്യം അലട്ടുന്ന വൈക്കം വിശ്വൻ മാറിയേക്കും. മന്ത്രിസഭയിൽ നിന്ന് എ.കെ. ബാലനെ മുന്നണിയുടെ അമരത്തേക്കു കൊണ്ടുവരണമെന്ന നിർദേശമുണ്ട്. എളമരം കരീമിന്റേതാണു മറ്റൊരു പേര്. കണ്ണൂരിൽ നിന്നുള്ള ചില നേതാക്കളും ആലോചനയിലുണ്ടെങ്കിലും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും ഒരേ ജില്ലയിൽ നിന്നാകാൻ സാധ്യതയില്ല.