Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പൽശാല അപകടം: സുരക്ഷാപരിശോധനയുടെ രേഖ അന്വേഷണ സംഘത്തിനു ലഭിച്ചില്ല

കൊച്ചി ∙ കപ്പൽശാലയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായ കപ്പലിൽ അറ്റകുറ്റപ്പണിക്കു മുൻപ് സുരക്ഷാ പരിശോധന നടത്തിയിരുന്നുവെന്ന വാദത്തിനു ബലം നൽകുന്ന രേഖകളൊന്നും കപ്പൽശാല അധികൃതർ ഇതുവരെ അന്വേഷണ ഏജൻസികൾക്കു കൈമാറിയില്ല. അപകടകരമായ വാതകത്തിന്റെ സാന്നിധ്യം പണി നടക്കുന്നിടത്ത് ഇല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന ഗ്യാസ് ഫ്രീ പെർമിറ്റ് പരിശോധന നടത്തിയെന്നായിരുന്നു അപകടമുണ്ടായ ദിവസം കപ്പൽശാല അധികൃതർ വിശദീകരിച്ചത്. എന്നാൽ അപകടത്തിനു മുൻപ് സുരക്ഷാ പരിശോധന നടത്തിയതിന്റെ രേഖകൾ അഞ്ചു ദിവസമായിട്ടും ലഭിച്ചിട്ടില്ലെന്നു ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് അറിയിച്ചു.

അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് ഇന്നു ഡയറക്ടർക്കു സമർപ്പിക്കും. ഫാക്ടറീസ് നിയമപ്രകാരം പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തൊഴിലാളികളെ ജോലിക്കു നിയോഗിക്കുന്ന സ്ഥലം സുരക്ഷിതമാണെന്നു പരിശോധന നടത്തി സാക്ഷ്യപത്രം നൽകണമെന്നു നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നാണു കണ്ടെത്തൽ. പരിശോധന നടത്തുകയോ സാക്ഷ്യപത്രം നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കപ്പൽശാല അധികൃതർക്കു കത്തു നൽകിയിരുന്നു. മറുപടി നൽകാൻ ഇന്നു കൂടി അവസരമുണ്ട്.

കപ്പൽശാലയിലെ തൊഴിലാളി യൂണിയനുകൾ തങ്ങളുടെ ഭാഗം കേൾക്കണമെന്ന് അന്വേഷണ സംഘത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ഇന്നു രാവിലെ ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം അന്തിമ റിപ്പോർട്ട് ഡയറക്ടർ ഡി. പ്രമോദിനു കൈമാറും. ജോ. ‍ഡയറക്ടറും നാല് ഇൻസ്പെക്ടർമാരുമടങ്ങുന്ന സംഘമാണു ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനു വേണ്ടി അന്വേഷണം നടത്തുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം കപ്പൽശാല ജനറൽ മാനേജർക്കു നോട്ടിസ് നൽകും. ഇതിന്റെ മറുപടി കൂടി ലഭിച്ചശേഷമാകും കോടതിയിൽ റിപ്പോർട്ട് നൽകുന്നത്. അറ്റകുറ്റപ്പണിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ കരാർ സ്ഥാപനത്തിന്റേതാണെന്നു കണ്ടെത്തിയെങ്കിലും ഉപകരണങ്ങളുടെ നിലവാരത്തെക്കുറിച്ച് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിട്ടില്ല.

കഴിഞ്ഞ 13നാണ് ഒഎൻജിസി കപ്പലായ സാഗർ ഭൂഷണിൽ സ്റ്റീൽ കട്ടിങ് ജോലികൾ നടക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു ജീവനക്കാർ മരിച്ചത്. ഗ്യാസ് കട്ടർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന അസറ്റലിൻ വാതകം ചോർന്നാണു പൊട്ടിത്തെറിയെന്നു കണ്ടെത്തിയിരുന്നു. എട്ടേകാലിന് ആരംഭിച്ച ഷിഫ്റ്റിൽ ജോലിക്കു കയറിയവരാണ് രാവിലെ ഒൻപതേകാലോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ജോലി ആരംഭിക്കുന്നതിനു മുൻപു രാവിലെ ഗ്യാസ് ഫ്രീ പെർമിറ്റ് പരിശോധന നടത്തിയെന്നായിരുന്നു കപ്പൽശാലയുടെ വിശദീകരണം. മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ്, പൊലീസ്, കപ്പൽശാല നിയോഗിച്ച സമിതി എന്നിവയും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.