Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴടങ്ങിയത് സിപിഎമ്മിന്റെ ‘സൈബർ പോരാളി’

akash-with-pinarayi-vijayan ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആകാശ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമെടുത്ത സെൽഫി.

കണ്ണൂർ ∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ പൊലീസിൽ കീഴടങ്ങിയതിലൊരാൾ സിപിഎമ്മിന്റെ ‘സൈബർ പോരാളി’. ‘അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്നിക്കുന്നു’ എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫെയ്സ്ബുക് പ്രൊഫൈലിൽ‌ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്.

ആകാശ് തില്ലങ്കേരി എന്ന പേരിലുണ്ടായിരുന്ന ഫെയ്സ്ബുക് പേജ് ഇപ്പോൾ കാണാനില്ല. എം.വി.ആകാശ് എന്ന പേരിൽ മറ്റൊരു പേജ് നിലവിലുണ്ട്. സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫെയ്സ്ബുക്കിൽ സജീവമായി ഇടപെടുന്നയാളാണ് ആകാശ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന സ്ഫുരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിൽ കാണാം.

ആകാശിന്റെ ഫെയ്സ്ബുക് സുഹൃത്താണു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ജെയിൻ രാജ്. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു. 2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇന്നലെ കീഴടങ്ങിയ ആകാശും രജിൻരാജും. വിനീഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി.

‘വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു. വിമാനത്താവള ജോലികളും ഹോട്ടൽ മാനേജ്മെന്റും പരിശീലിപ്പിക്കുന്ന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം പഠിച്ചിരുന്നു. വിനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലുണ്ടാവാറില്ല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ ജോലിയെന്നാണു നാട്ടിൽ പറയപ്പെടുന്നത്.