Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ: അന്വേഷണത്തിൽ ജുഡീഷ്യൽ കമ്മിഷൻ ഇടപെട്ടിട്ടില്ലെന്നു സർക്കാർ

കൊച്ചി ∙ സോളർ കേസുമായി ബന്ധപ്പെട്ടു പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ ഇടപെട്ടിട്ടില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വിവാദത്തിൽ പങ്കുള്ള രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നതു കമ്മിഷന്റെ ശരിയായ നിഗമനമാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

കമ്മിഷൻ റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങൾ ചോദ്യംചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം. സോളർ കേസ് പ്രതികൾ മുഖ്യമന്ത്രിയുടെ ഓഫിസും മറ്റുള്ളവരുമായും നടത്തിയ ഫോൺ കോൾ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിയമസഭയിലും ഗുരുതര ആരോപണങ്ങളുണ്ടായി. തുടർന്നാണു കമ്മിഷനെ വച്ചതെന്നു സർക്കാർ വ്യക്തമാക്കി. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണു കമ്മിഷന്റെ നിഗമനങ്ങൾ. ഒരു വ്യക്തിയുടെയും അവകാശങ്ങൾ ഹനിക്കുന്നില്ല. ഹർജിക്കാരനു വിശദീകരണത്തിനു മതിയായ അവസരം നൽകി.

കക്ഷികൾക്ക് ഓരോ ഘട്ടത്തിലും വിശദീകരണത്തിന് പ്രത്യേക നോട്ടിസ് നൽകണമെന്നു പറയാനാവില്ല. കമ്മിഷന്റെ നടപടിക്രമങ്ങളിൽ അപാകതയില്ല. പരിഗണനാ വിഷയങ്ങൾ അനുസരിച്ചാണു കമ്മിഷൻ അന്വേഷണം നടത്തിയത്. പരിഗണനാ വിഷയങ്ങൾ കമ്മിഷൻ പുതുക്കിയിട്ടില്ല, സംഗ്രഹിക്കുക മാത്രമാണു ചെയ്തത്. കമ്മിഷൻ ശുപാർശകൾ നടപടി റിപ്പോർട്ട് സഹിതം ആറു മാസത്തിനകം സഭയിൽ വയ്ക്കണമെന്നിരിക്കെ, സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ അറിയിച്ച് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതിൽ അപാകതയില്ല.

സോളർ കേസ് പ്രതിയുടെ കത്തിനെ ചുറ്റിപ്പറ്റിയാണു കമ്മിഷന്റെ റിപ്പോർട്ട് എന്ന ആരോപണം ശരിയല്ല. പരാമർശ വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നറിയാനാണു കത്തിനെ ആശ്രയിച്ചത്. കക്ഷികളുടെ ആരുടെയും ആവലാതികൾ കമ്മിഷൻ അന്വേഷിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.