Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസ് റദ്ദാക്കാനായി ‘അഡാർ ലവ്’ നായിക സുപ്രീം കോടതിയിൽ

priya-smile

ന്യൂഡൽഹി∙ ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരെ കേസെടുത്തതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു നായിക പ്രിയ പ്രകാശ് വാരിയർ സുപ്രീം കോടതിയിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു ഹർജിയിൽ വ്യക്തമാക്കി.

ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു, നിർമാതാവ് ജോസഫ് ഈപ്പൻ എന്നിവർ നൽകിയ ഹർജിയും ഇന്നു ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനു മുൻപാകെ ശ്രദ്ധയിൽപ്പെടുത്തും. പ്രാദേശിക സംഘടനകൾ നൽകിയ പരാതിയിൽ ഹൈദരബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനിലും ഔറംഗാബാദ് സ്റ്റേഷനിലുമാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നും വർഷങ്ങളായി കേരളത്തിലെ ജനങ്ങൾ പാടിവരുന്ന ഗാനമാണിതെന്നും ഹർജിയിൽ വ്യക്തമാക്കി.

വരികളുടെ അർഥം കേരളത്തിനു പുറത്തുള്ളവർ തെറ്റായി മനസിലാക്കിയതാണു പരാതിക്കു കാരണമായത്. വരികൾ പരിഭാഷപ്പെടുത്തിയതിലും പിശകുണ്ടായി. നാൽപതു വർഷത്തിലേറെയായി പാടുന്ന ഗാനത്തിനെതിരെയുള്ള ആരോപണങ്ങളിൽ അടിസ്ഥാനമില്ല. നിലവിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന പരാതികൾ റദ്ദാക്കണമെന്നും പാട്ടിനെതിരെ മറ്റാരും നിയമനടപടി സ്വീകരിക്കരുതെന്നു നിർദേശിക്കണമെന്നുമാണ് ആവശ്യം.

കലാകാരന്മാരുടെ ആശയാവിഷ്കാര സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നു പത്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ 1952ലെ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചു സെൻസർ ബോർഡാണു പരിശോധിക്കേണ്ടത്. ഈ സാഹചര്യത്തിൽ കേസുകൾ റദ്ദാക്കണം.

ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയിൽ ഒന്നരക്കോടിയിലേറെ രൂപ ചെലവിട്ടു കഴിഞ്ഞു. ബിരുദ വിദ്യാർഥിയായ തന്നെ അനാവശ്യമായി വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും പ്രിയയുടെ ഹർജിയിലുണ്ട്. പി.എം.എ. ജബ്ബാറിന്റെ വരികൾക്കു തലശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണിത്. അഡാർ ലവ് സിനിമയ്ക്കു വേണ്ടി ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ വിഡിയോ പുറത്തെത്തിയപ്പോഴാണു പുതിയ വിവാദങ്ങൾ.