Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകോപിത തദ്ദേശഭരണ സർവീസ് ഈ വർഷം: മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം∙ ചിട്ടയോടെയും കാര്യക്ഷമമായും പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ഏകോപിത തദ്ദേശഭരണ സർവീസ് ഈ വർഷം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള കരടു ചട്ടം തയാറായിട്ടുണ്ട്. സംസ്ഥാന വികസന കൗൺസിൽ യോഗത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പഞ്ചായത്തു വകുപ്പ്, നഗരകാര്യം, നഗരാസൂത്രണം, തദ്ദേശ എൻജിനീയറിങ് വിഭാഗം, ഗ്രാമവികസന ഡയറക്ടറേറ്റ് എന്നിവയെ ചേർത്താണു തദ്ദേശഭരണ സർവീസ് രൂപീകരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി പുതിയ സർവീസിന്റെ തലവനായി പ്രിൻസിപ്പൽ ഡയറക്ടറെ നിയമിച്ചിട്ടുണ്ട്.

ജില്ലകളിൽ വിവിധ വകുപ്പുകളും ഏജൻസികളും നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഏകോപനമാണു ജില്ലാ പദ്ധതികളുടെ പ്രധാന ലക്ഷ്യം. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും മണലെത്തിക്കുന്നതിനുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. ആധുനിക അറവുശാലകൾ തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിക്കുന്നതിനു നിലവിലുള്ള പദ്ധതി നടപ്പാക്കണം. അറവുശാലകൾ സ്ഥാപിക്കാനുള്ള സ്ഥലം പഞ്ചായത്തുകൾ കണ്ടെത്തണം. മാലിന്യനിർമാർജനം തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്. പഞ്ചായത്തു നിയമത്തിലെ പല വ്യവസ്ഥകളും മുനിസിപ്പൽ നിയമത്തിലില്ലെന്ന പോരായ്മ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ എ.കെ.ബാലൻ, കെ.രാജു, ടി.പി.രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, സി.രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എം.മണി, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കെ.കെ.ശൈലജ, എ.കെ.ശശീന്ദ്രൻ, ചീഫ് സെക്രട്ടറി പോൾ ആന്റണി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

related stories