Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം. മാണിയെ വേണ്ട: യച്ചൂരിക്ക് വിഎസിന്റെ കത്ത്

V.S. Achuthananthan

തൃശൂർ∙ കെ.എം.മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎം നീക്കത്തിനെതിരെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യത്തിൽ ഒരു നീക്കത്തിന്റെയും ആവശ്യമില്ലെന്നു കാട്ടി വിഎസ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു കത്തയച്ചു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നാളെ നടക്കുന്ന സെമിനാറിലേക്കു മാണിയെ പാർട്ടി ക്ഷണിച്ചതിനു തൊട്ടുപിന്നാലെയാണ് വിഎസ് ഡൽഹിയിൽ കത്ത് എത്തിച്ചത്.

അതേസമയം, വൈകിട്ട് തൃശൂരിൽ എത്തിയ യച്ചൂരി മാധ്യമങ്ങൾക്കു പിടികൊടുക്കാതെ മാറി. മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയ പാർട്ടിയാണ് സിപിഎം എന്നും മാണിയോടുള്ള മൃദുസമീപനം പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മാണിയെ മുന്നണിയിലേക്കു പരോക്ഷമായി സ്വാഗതം ചെയ്തു കേന്ദ്ര കമ്മിറ്റിയംഗം ഇ..പി. ജയരാജൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മാണിയെ സ്വാഗതം ചെയ്തു സംസ്ഥാന സമ്മേളനത്തിലെ പൊതുചർച്ചയിൽ ഇടപെടൽ ഉണ്ടാകുമെന്നു കണ്ടാണ് യച്ചൂരിയെ വിഎസ് സമീപിച്ചത്.

കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായ വിഎസ് നൽകിയ കത്ത് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനാവാത്ത സ്ഥിതിയിലാണ് ഇപ്പോൾ പാർട്ടി കേന്ദ്ര നേതൃത്വം. പാർട്ടി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചു വിഎസ് കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നത് ഇതാദ്യമല്ല. മുൻപും പലതവണ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ കേന്ദ്ര നേതൃത്വത്തിനു വിഎസ് പരാതി നൽകിയിട്ടുണ്ട്.

related stories