Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാധ്യതകളുടെ വേദിയിലേക്ക് മാണി

ldf-widening-cartoon

തിരുവനന്തപുരം∙ കെ.എം.മാണിയെ ക്ഷണിച്ചുകൊണ്ടു കേരള കോൺഗ്രസിനോടുള്ള താൽപര്യം പ്രകടിപ്പിച്ചതോടെ സിപിഎം സംസ്ഥാന സമ്മേളനം വരാനിരിക്കുന്ന രാഷ്ട്രീയ സാധ്യതകളിലേക്കു കൂടി വേദി തുറക്കുന്നു. ഇരുതല മൂർച്ചയുള്ളതാണു സിപിഎമ്മിന്റെ നീക്കം. മാണിയോടുള്ള മമത തുറന്നു പ്രകടമാക്കിയ പാർട്ടി, അദ്ദേഹത്തിനെതിരെ സിപിഐ പറയുന്നതൊന്നും അംഗീകരിക്കുന്നില്ലെന്നു കൂട്ടിച്ചേർത്തു. അതേസമയം, മാണിയുടെ കടുത്ത വിമർശകനായ കാനം രാജേന്ദ്രനെ ഒപ്പം ക്ഷണിച്ച് വേദി പങ്കിടുന്നതിലേക്കും കാര്യങ്ങൾ എത്തിച്ചു. 

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മാണിയുടെ പിന്തുണ സിപിഎം ആഗ്രഹിക്കുന്നതിന്റെ കൂടി സൂചനയാണു സംസ്ഥാന സമ്മേളന വേദിയിലേക്കുള്ള ക്ഷണം. വേദി പങ്കിട്ടും തിരഞ്ഞെടുപ്പു കൂട്ടുകെട്ടുകൾ ഉണ്ടാക്കിയും മാണിയെ മുന്നണിയോടടുപ്പിക്കാനുള്ള തന്ത്രമാണു സിപിഎമ്മിന്റേത്. എത്രയുംവേഗം എൽഡിഎഫിന്റെയും സർക്കാരിന്റെയും ഭാഗമാകണമെന്ന ചിന്തയാണു മാണി ഗ്രൂപ്പിലെ സിപിഎം അനുകൂലികൾക്ക്. സിപിഐ ശക്തമായി എതിർക്കുന്നതിനാൽ അത് എളുപ്പമല്ല. ചെങ്ങന്നൂരിനു മുൻപായി സിപിഎമ്മിന്റെ ഭാഗത്തു നിന്നു തിടുക്കത്തിലുള്ള നീക്കം മണത്ത സിപിഐ അതുകൊണ്ടാണു കൂടിയാലോചിച്ചു മാണിക്കെതിരെ ആഞ്ഞടിക്കുന്നത്. വേദി പങ്കിടണമോ എന്നതിൽ ആശയക്കുഴപ്പമുണ്ടായെങ്കിലും നിരസിച്ചാൽ സിപിഎം സമ്മേളനവേദി ബഹിഷ്കരിച്ചെന്ന പ്രതീതിയാകുമെന്നതിനാൽ അവിടെ പോയി പറയാനുള്ളതു പറയാമെന്ന തീരുമാനത്തിലാണു കാനം.

മാണിയെ കൊണ്ടുവരുന്നതു സംബന്ധിച്ചു സിപിഎം പൊളിറ്റ് ബ്യൂറോയിലോ സംസ്ഥാന കമ്മിറ്റിയിലോ ചർച്ചകളൊന്നുമുണ്ടായിട്ടില്ല. എന്നാൽ ഈ അടവിനായി വാദിക്കുന്ന കോട്ടയം ജില്ലാ നേതൃത്വത്തിന് ആശീർവാദമേകുന്ന കൂടിയാലോചനകൾ നേതൃതലത്തിലുള്ളവർ തന്നെ നടത്തുന്നു. എതിർത്തു നിൽക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കണമെന്ന നിർദേശമാണ് ഇവർ നൽകിയിരിക്കുന്നത്. അതിനായി മാണിക്കു പകരം പി.െജ.ജോസഫിനു മന്ത്രിപദമായാലോയെന്ന സന്ദേശങ്ങൾ വരെ കൈമാറുന്നുണ്ട്. സിപിഎം ബന്ധത്തെ എതിർക്കുന്നവർ മാണി ഗ്രൂപ്പിലുള്ളതിനാൽ അദ്ദേഹവും മകൻ ജോസ് കെ.മാണിയും മാത്രമറിയുന്ന ചർച്ചകളാണ് അവിടെ. 

പുറത്തുനിന്നു മാണി മാത്രം

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 23നു വൈകിട്ട് അഞ്ചിനുള്ള സെമിനാറിലേക്കാണു മാണിക്കു ക്ഷണം. വിഷയം: ‘കേരളം ഇന്നലെ, ഇന്ന്, നാളെ.’ പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള സിപിഎമ്മിനെ പ്രതിനിധീകരിക്കും. ഇടതു ഘടകകക്ഷി നേതാക്കളും മുന്നണിയുമായി സഹകരിച്ചു നീങ്ങുന്ന ആർ.ബാലകൃഷ്ണപിള്ളയുമാണു മറ്റു പ്രസംഗകർ. എം.പി.വീരേന്ദ്രകുമാറിനെ 24ലെ സെമിനാറിലേക്കു വിളിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.  

അന്നു പ്ലീനം; ഇന്ന് സംസ്ഥാന സമ്മേളനം 

പാലക്കാട് 2013 നവംബറിൽ നടന്ന സിപിഎം പ്ലീനത്തിനും മാണിയെ ക്ഷണിച്ചിട്ടുണ്ടെന്നതിനാൽ ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണു സിപിഎം നേതാക്കളുടെ വാദം. യുഡിഎഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന മാണിയെ ഇപ്പുറത്തേക്കു കൊണ്ടുവരാനുള്ള കൂടിയാലോചന ഒരുവശത്തു പുരോഗമിച്ച സമയത്തായിരുന്നു ആ വേദി പങ്കിടലും. പക്ഷേ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി രണ്ടും കൽപ്പിച്ചു തീരുമാനമെടുക്കാൻ മാണിക്കു കഴിഞ്ഞില്ല. പിന്നാലെ ബാർകോഴക്കേസ് കൂടി വന്നതോടെ ആ അണിയറ നീക്കം അവതാളത്തിലായി.