Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൽറാമിന്റെയും അക്കരയുടെയും പോസ്റ്റുകൾ സംഘപരിവാറിനെ ന്യായീകരിക്കുന്നത്: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം ∙ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതു സംബന്ധിച്ചു വി.ടി.ബൽറാമിന്റെയും അനിൽ അക്കരയുടെയും ഫെയ്സ് ബുക് പോസ്റ്റുകൾ സംഘപരിവാറിനെ ന്യായീകരിക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ കോൺഗ്രസുകാർ ഇങ്ങനെ പ്രതികരിക്കുന്നതു ഞെട്ടിപ്പിക്കുന്നതാണ്. സംഘപരിവാറിലേക്കു പോകുന്നതിന്റെ ലക്ഷണമാണ് ഇത്തരം പോസ്റ്റുകൾ. ലെനിൻ ആരാണെന്നു ബൽറാമിനും അനിൽ അക്കരയ്ക്കും അറിയില്ലായിരിക്കാം. എന്നാൽ ജവഹർലാൽ നെഹ്റുവിന് അറിയാമായിരുന്നു. ലെനിനിനെ മനസ്സിലാക്കാൻ കഴിയാത്തവർക്കു നെഹ്റുവിനെയും മനസ്സിലാക്കാനാവില്ല. അധികം കളിച്ചാൽ ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമ തകർക്കും എന്ന് അനിൽ അക്കര എഴുതി.

രാജീവ് ഗാന്ധിയുടെ പ്രതിമ 2013ൽ തെലങ്കാന വിരുദ്ധ സമരക്കാർ തകർക്കുന്ന ചിത്രത്തെ, ത്രിപുരയിൽ സിപിഎമ്മുകാർ തകർക്കുന്നതായി തെറ്റിദ്ധരിപ്പിച്ചു ഫെയ്സ് ബുക്കിൽ പോസ്റ്റു ചെയ്തു. ത്രിപുരയിലെ കോൺഗ്രസ് പ്രസിഡന്റ് ദ് വീക്ക് വാരികയോടു പറഞ്ഞത് ആ ചിത്രം ത്രിപുരയിൽ നിന്നുള്ളതല്ല എന്നാണ്. കേരളത്തിൽ പല രാഷ്ട്രീയ പാർട്ടികളുടെയും ശിൽപമുണ്ട്. അവ തകർക്കാൻ ആലോചനയുണ്ടെങ്കിൽ നല്ലതല്ല. ജനവികാരത്തെ മുറിപ്പെടുത്തി സംഘർഷം ഉണ്ടാക്കാമെന്ന വിചാരം ആർക്കും വേണ്ട. ഇത്തരം പോസ്റ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം പുനരാലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

related stories