Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിച്ചില്ല: ഇ. ശ്രീധരൻ

Sreedharan-Pinarayi

കൊച്ചി ∙ മുഖ്യമന്ത്രിയെ കാണാൻ ജനുവരിയിൽ സമയം ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്നു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. ലൈറ്റ് മെട്രോ പദ്ധതികളിലെ നിശ്ചലാവസ്ഥ അറിയിക്കാനായിരുന്നു സമയം ചോദിച്ചത്. സാധാരണ 24 മണിക്കൂറിനകം മുഖ്യമന്ത്രി സമയം അനുവദിക്കാറുള്ളതാണ്. രാഷ്ട്രീയമായി തിരക്കിലായതിനാലാവാം അദ്ദേഹം സമയം നൽകാതിരുന്നതെന്നു കരുതുന്നതായി ശ്രീധരൻ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിൽ പദ്ധതികളിലേക്ക് ഇനി സർക്കാർ ക്ഷണിച്ചാലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്നു ഡിഎംആർസി പിൻമാറുകയാണെന്നറിയിച്ചു സർക്കാരിനു ഫെബ്രുവരി 16നു കത്തു നൽകി. തലശേരി – മൈസൂരു റെയിൽപാത സാമ്പത്തികമായി പ്രായോഗികമല്ലെന്നു റിപ്പോർട്ട് നൽകിയതാവാം സർക്കാരിനു ഡിഎംആർസിയിൽ താൽപര്യം കുറയാനുള്ള കാരണം. കോഴിക്കോടും തിരുവനന്തപുരത്തും ഡിഎംആർസി ആരംഭിച്ച ഓഫിസുകളുടെ പ്രവർത്തനം 15ന് അവസാനിപ്പിക്കും. 2012 ഏപ്രിൽ മുതൽ ഇൗ ഓഫിസുകൾ പ്രവർത്തിക്കുന്നു. 15 മാസമായി ലൈറ്റ് മെട്രോ പദ്ധതികളുടെ കാര്യത്തിൽ ഒന്നും നടക്കുന്നില്ല. പലവട്ടം ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.

ലൈറ്റ് മെട്രോകൾ ഡിഎംആർസി നിർമിക്കണമെന്ന് ഉത്തരവിറക്കിയതല്ലാതെ ഇതിനു കരാർ ഒപ്പിട്ടില്ല. കരടു കരാർ സർക്കാരിനു നൽകിയിട്ടു 15 മാസം കഴിഞ്ഞു. കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെആർടിസിഎൽ) ബോർഡ് യോഗത്തിൽ രണ്ടു പദ്ധതിയും ടെൻഡർ ചെയ്തുകൂടേ എന്ന് അഭിപ്രായമുയർന്നു. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ സർക്കാരിന്റെ താൽപര്യമില്ലായ്മ വ്യക്തമാണ്. സർക്കാരിന് അത്തരമൊരു താൽപര്യമുണ്ടെങ്കിൽ തടസ്സമാവേണ്ടെന്നു കരുതിയാണു പിൻമാറുന്നതെന്നു ശ്രീധരൻ പറഞ്ഞു.

related stories