Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎംപി ശോഷിക്കുന്നതിന് എന്തു ചെയ്യാൻ: മുഖ്യമന്ത്രി

Pinarayi-vijayan

തിരുവനന്തപുരം∙ ആർഎംപി എന്ന പാർട്ടി ഓരോദിവസം കഴിയുന്തോറും ഇല്ലാതാകുന്നതിനു മറ്റുള്ളവർക്കെന്തു ചെയ്യാൻ കഴിയുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വടകരയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രകോപനം ആർഎംപിയിൽ നിന്നു പ്രവർത്തകർ സിപിഎമ്മിലേക്കു മടങ്ങുന്നതു മൂലമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

51 വെട്ടുവെട്ടി ടി.പി.ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിന് അദ്ദേഹത്തോടുള്ള പക തീർ‍ന്നിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ നിലപാടു വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിലായിരുന്നു ഭരണ–പ്രതിപക്ഷ വാദപ്രതിവാദം. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഒഞ്ചിയം ഓർക്കേട്ടേരി മേഖലയിൽ കുറേനാളായി സംഘർഷം നിലനിൽക്കുകയാണെന്ന് അടിയന്തര പ്രമേയനോട്ടീസ് അവതരിപ്പിച്ച പാറയ്ക്കൽ അബ്ദുല്ല പറഞ്ഞു.

പ്രായാധിക്യം ചെന്ന ഗോപാലൻ, ഒ.കെ.ചന്ദ്രൻ, ജയരാജൻ എന്നീ ആർഎംപി പ്രവർത്തകരെ സിപിഎമ്മുകാർ അക്രമിച്ചു. ചന്ദ്രന്റെ കാർ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി തീകൊളുത്തി. ആർഎംപി നേതാവ് വേണുവും കൂട്ടരും വന്നപ്പോൾ അവർക്കെതിരെ കൊലവിളിയായി. അവരെ രക്ഷിക്കാനെന്ന വ്യാജേന കൊണ്ടുപോയി പൊലീസ് അറസ്റ്റു ചെയ്തു.

നേരത്തെ ആർഎംപിയുടെ സ്പോൺസറായിരുന്ന പാറയ്ക്കൽ അബ്ദുല്ല ആ പാർട്ടി ശോഷിച്ചതിന്റെ മനഃപ്രയാസമാണ് ഇവിടെ സഭയിൽ പറഞ്ഞതെന്നു മുഖ്യമന്ത്രി മറുപടി നൽകി. ഒരു മാസം മുമ്പുണ്ടായ സംഭവങ്ങളാണ് ഇവിടെ പറഞ്ഞത്. തെറ്റിദ്ധാരണക്കു വഴിപ്പെട്ട് ആർഎംപിയുടെ ഭാഗമായ മൂന്നൂറോളം കുടുംബങ്ങൾ അതു വിട്ടു തിരിച്ചു സിപിഎമ്മിന്റെ ഭാഗമായതിന്റെ അസഹിഷ്ണുതയാണ് ആ മേഖലയിൽ. വേണുവിനെയും മറ്റും അറസ്റ്റു ചെയ്തതു പാർട്ടി ഓഫിസിൽ നിന്ന് ആയുധം കണ്ടെടുത്തതിനാലാണ്. സംസ്ഥാനത്തെ ക്രമസമാധാനനില മോശമാണെന്നു വരുത്തി കേരളത്തെ അപമാനിക്കാൻ ദേശീയതലത്തിൽ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണിത്. കെ.കെ.രമ ഡൽഹിയിൽ പോയി സത്യഗ്രഹമിരുന്നതും ഇതിന്റെ ഭാഗമായായാണെന്നു രമയുടെ പേരു പറയാതെ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ ഭാര്യ കെ.കെ.ലതികയെ കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുല്ല തോൽപ്പിച്ചതിന് അദ്ദേഹത്തെ ഇങ്ങനെ മുഖ്യമന്ത്രി തോണ്ടരുതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിനെ അപലപിക്കുന്ന അതേ പാർട്ടിയാണു ടി.പി.ചന്ദ്രശേഖരന്റെ സ്തൂപം ആറു പ്രാവശ്യം തകർത്തത്. സിപിഎമ്മിന്റെ ഈ അസ്വസ്ഥതയാണു പ്രശ്നങ്ങളുണ്ടാക്കുന്നത്. ആർഎംപി നേതാവ് വേണുവിനും മറ്റുമെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണു ചെയ്തത്. കേരളത്തിൽ നീതി കിട്ടാതെ വന്നതിനാലാണു രമയ്ക്കു ഡൽഹിയിൽ പോയി സമരം ചെയ്യേണ്ടിവന്നത്. കൊല്ലപ്പെട്ട ടിപിക്കു ജീവിച്ചിരുന്ന ടിപിയേക്കാൾ ശക്തിയുണ്ടെന്നു തെളിഞ്ഞുകഴിഞ്ഞുവെന്നു ചെന്നിത്തല പറഞ്ഞു. എം.കെ.മുനീർ, പി.ജെ.ജേസഫ്, അനൂപ് ജേക്കബ് എന്നീ കക്ഷിനേതാക്കളും അവരുടെ പാർട്ടിയും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിൽ പങ്കുചേർന്നു.

വനിതാകമ്മിഷൻ അംഗത്തിന്റെ ഭർത്താവിനെതിരെ നടപടിയില്ലേ?

ടി.പി.ചന്ദ്രശേഖരന്റെ വിധവയും ആർഎംപി നേതാവുമായ കെ.കെ.രമയെ അങ്ങേയറ്റം അധിക്ഷേപിച്ച വനിതാകമ്മിഷൻ അംഗത്തിന്റെ ഭർത്താവിനെതിരെ എന്തുകൊണ്ടു കേസെടുക്കുന്നില്ലെന്നു നിയമസഭയിൽ പ്രതിപക്ഷം. ഇംഎഎസിന്റെ മകൾ ഇ.എം.രാധയുടെ ഭർത്താവ് സി.കെ.ഗുപ്തനാണു ഫെയ്സ് ബുക്കിൽ ഇതു ചെയ്തതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്ത്രീകൾ അവരുടെ പരാതികൾ നൽകുന്ന വനിതാകമ്മിഷൻ അംഗത്തിന്റെ ഭർത്താവു തന്നെയാണ് ഇതു ചെയ്തതെന്നതു സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. വനിതാദിനമാണ് ഇതെന്നോർമിക്കണം. മുഖ്യമന്ത്രിക്കെതിരേ പോസ്റ്റിട്ട 30 പേർക്കെതിരെ ഇതിനകം കേസെടുത്തു. രമയുടെ കാര്യത്തിൽ പരാതിപ്പെട്ടിട്ടും നടപടിയിയില്ല– രമേശ് പറഞ്ഞു. സൈബർ സെല്ലിൽ നൽകിയ പരാതി എവിടെപ്പോയെന്നു ലീഗ് നേതാവ് എം.കെ.മുനീറും ചോദിച്ചു.

related stories