Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടാക്കമ്പൂർ ഭൂമി ഇടപാട്: ജോയ്സ് ജോർജിന് ക്ലീൻ ചിറ്റ്

Joice George

തൊടുപുഴ ∙ ഇടുക്കി എംപി ജോയ്സ് ജോർജ് ഉൾപ്പെട്ട കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് നിയമപരമായാണ് നടന്നതെന്നും അസ്വാഭാവികതയില്ലെന്നും മൂന്നാർ ഡിവൈഎസ്പി എസ്. അഭിലാഷിന്റെ റിപ്പോർട്ട്. തുടരന്വേഷണം നടത്താൻ ആവശ്യമായ രേഖകൾ നിലവിൽ ലഭ്യമല്ലാത്തതിനാൽ കേസ് അന്വേഷണം അവസാനിപ്പിക്കണമെന്നും തൊടുപുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡിവൈഎസ്പി അഭ്യർഥിച്ചിട്ടുണ്ട്.

കേസ് അന്വേഷണം തുടരേണ്ട സാഹചര്യം നിലവിലില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഭൂമിയുടെ പട്ടയസംബന്ധമായ രേഖകൾ നൽകേണ്ടതു റവന്യു വകുപ്പാണ്. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ റവന്യുവകുപ്പിന്റെ പക്കൽ നിലവിൽ ഇല്ല. ഭൂമി നൽകിയവർക്കും വാങ്ങിയവർക്കും ഇടപാട് സംബന്ധിച്ചു പരാതികളില്ല. 1995ൽ ജോയ്സ് ജോർജ് എംപിയുടെ പിതാവ് പാലിയത്ത് ജോർ‌ജ് തമിഴ് വംശജരിൽ നിന്നു വിലയ്ക്കു വാങ്ങിയതാണ് കൊട്ടാക്കമ്പൂരിലെ ഭൂമി. 2000ൽ പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചു. 2001ൽ സർക്കാർ തന്നെയാണ് പട്ടയം നൽകിയത്. 2005ൽ പാലിയത്ത് ജോർജ്, ഭൂമി ജോയ്സ് ജോർജ് ഉൾപ്പെടെയുള്ളവർക്കു വീതം വച്ചു നൽകിയെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ പട്ടികജാതിക്കാരിൽ നിന്നു ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും വ്യാജ പട്ടയത്തിലൂടെ ഭൂമി തട്ടിയെടുത്തെന്ന കേസിലാണു ഹൈക്കോടതി നിർദേശപ്രകാരം മൂന്നാർ ഡിവൈഎസ്പി, തൊടുപുഴ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എട്ടു കേസുകളാണ് എംപിക്കും കുടുംബാംഗങ്ങൾക്കുമെതിരെ റജിസ്റ്റർ ചെയ്തത്.

പൊലീസ് അന്വേഷണം ഇഴയുന്നുവെന്നാരോപിച്ച് പൊതുപ്രവർത്തകനായ മുകേഷ് മോഹൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇൗ മാസം 10ന് അകം ഇക്കാര്യത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിവൈഎസ്പിക്കു നിർദേശം നൽകിയിരുന്നു.

related stories