Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപിയെ പ്രകീർത്തിച്ച് ഓർക്കാട്ടേരിയിൽ കോടിയേരിയുടെ പ്രസംഗം

kodiyeri-tp

വടകര∙ സിപിഎം നശിച്ചു കാണാൻ ഒരിക്കലും ആഗ്രഹിക്കാതിരുന്ന നേതാവായിരുന്നു ടി.പി. ചന്ദ്രശേഖരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓർക്കാട്ടേരിയിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിൽ നിന്നു പുറത്താക്കിയപ്പോൾ മാത്രമാണ് ചന്ദ്രശേഖരൻ പാർട്ടിക്കെതിരെ സംസാരിച്ചത്. അപ്പോഴും യുഡിഎഫിനെയും ബിജെപിയെയും തുറന്നെതിർത്തിരുന്നു. അന്ന് സിപിഎമ്മിന് വിപ്ലവം പോരെന്നു പറഞ്ഞാണ് ആർഎംപി സ്ഥാപിച്ചത്. എന്നാൽ ആശയവും സംഘടനയുമില്ലാതെ അതിന്ന് രമയുടെ മാത്രം പാർട്ടിയായി മാറിയിരിക്കുകയാണ്.

ആർഎംപിയുടെ സ്പോൺസറാണ് ഇന്നത്തെ കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുല്ല. ഒഞ്ചിയത്തെ അക്രമങ്ങളെപ്പറ്റി നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച അബ്ദുല്ല ആർഎംപി സെക്രട്ടേറിയറ്റി‍ൽ നടത്തുന്ന സമരത്തിന് പ്രചാരണം നൽകാൻ ശ്രമിക്കുകയാണ്. ആർഎംപി തകരുന്നതിലുള്ള വെപ്രാളമാണ് അബ്ദുല്ലയെ ഇതിന് പ്രേരിപ്പിക്കുന്നത്.

ജനതാദൾ പോയപ്പോൾ ആരെയെങ്കിലും കിട്ടാനുള്ള ചിന്തയിലാണ് യുഡിഎഫ് ആർഎംപിക്കു വേണ്ടി വാദിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ് അധ്യക്ഷത വഹിച്ചു. ആർ. ഗോപാലൻ, ഇ.എം. ദയാനന്ദൻ, എൻ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പിന്നെ എന്തിന് ടിപിയെ കൊന്നു? കെ.കെ.രമ

കോഴിക്കോട്∙ സിപിഎം വിരുദ്ധനായിരുന്നില്ലെങ്കിൽ ടി.പി. ചന്ദ്രശേഖരനെ കൊന്നതെന്തിനെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. നാണമില്ലാതെ നുണ പറയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി.

ടി.പി. ചന്ദ്രശേഖരൻ മുന്നോട്ടുവച്ച രാഷ്ട്രീയം ഇന്ന് കേരളം അംഗീകരിച്ചുകഴിഞ്ഞു. അതിൽ വിറളിപൂണ്ടതാണ് കോടിയേരിയുടെ ഇപ്പോഴത്തെ പ്രതികരണത്തിനു പിന്നിൽ. സിപിഎമ്മിനെ തന്റെ തറവാട്ടുസ്വത്തുപോലെ കൊണ്ടുനടക്കുന്നതിൽനിന്നാണ് കോടിയേരിക്ക് ആർഎംപി രമയുടെ പാർട്ടിയാണെന്ന അഭിപ്രായമുണ്ടാവാൻ പ്രചോദനമായതെന്നും കെ.കെ. രമ പ്രതികരിച്ചു.