Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ദമ്പതികളുടെ വധം: മുൻ വേലക്കാരൻ അറസ്റ്റിൽ

Bhopal-Murder

ഭോപാൽ∙ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഇവരുടെ വീട്ടിൽ മുൻപു ജോലിക്കു നിന്ന യുവാവ് അറസ്റ്റിൽ. ഗ്വാളിയർ സ്വദേശി രാജു ഝാകഡ് (34) ആണു പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചു.

മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായർ (ജി.കെ.നായർ), ഭാര്യ ഗോമതി എന്നിവരെ വ്യാഴാഴ്ച അർധരാത്രിയാണു കഴുത്തറുത്തു കൊലപ്പെടുത്തിയത്. ഈ വീട്ടിൽ ജോലിക്കു നിന്നിരുന്ന ആർതി എന്ന യുവതിയുടെ ഭർത്താവാണു രാജു. ഇവരുടെ വിവാഹം ഗോപാലകൃഷ്ണനാണു നടത്തിക്കൊടുത്തത്. വിവാഹശേഷം ഇരുവരും ഇവിടെയാണു താമസിച്ചിരുന്നത്.

പണമിടപാടു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ നാലു മാസം മുൻപ് ഇരുവരെയും പറഞ്ഞുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണു കൊലപാതകത്തിൽ കലാശിച്ചത്. ആർതി പൊലീസ് കസ്റ്റഡിയിലാണ്.

ആക്രമണത്തിനു ശേഷം ഗ്വാളിയറിലേക്കു രക്ഷപ്പെട്ട രാജുവിനെ ഗോപാലകൃഷ്ണന്റെ ബന്ധുക്കൾ വിദഗ്ധമായി ഭോപാലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയ രാജു അവിടെ നിന്നാണ് അത്താഴം കഴിച്ചത്.

ഏതാനുംനാൾ മുൻപ് ഇയാൾ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ ചോദിച്ച ഗോപാലകൃഷ്ണനുമായി വീടിന്റെ ഒന്നാം നിലയിൽ വച്ച് ഇയാൾ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ സംഘട്ടനത്തിൽ രാജു കത്തി കൊണ്ടു ഗോപാലകൃഷ്ണന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.

കത്തി പിടിച്ചുവാങ്ങിയ ഗോപാലകൃഷ്ണൻ സ്വരക്ഷാർഥം നടത്തിയ പ്രത്യാക്രമണത്തിൽ രാജുവിന്റെ കാലിനു മുറിവേറ്റു. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ അദ്ദേഹം പിന്നാലെ കുഴഞ്ഞുവീണു മരിച്ചു. ബഹളം കേട്ടു മുകളിലേക്കു വന്ന ഗോമതിയെയും രാജു കഴുത്തറുത്തു കൊലപ്പെടുത്തി. തുടർന്നു ടെറസിലൂടെ രക്ഷപ്പെട്ടു.

സംഭവത്തിൽ രാജുവിനുള്ള പങ്കിനെക്കുറിച്ചു ഗോപാലകൃഷ്ണന്റെ ബന്ധുക്കൾ സൂചന നൽകിയതിനെ തുടർന്നാണു പൊലീസിന്റെ അന്വേഷണം ആ വഴിക്കു തിരിഞ്ഞത്. കൊലപാതകത്തിനുപയോഗിച്ച കത്തി വീടിന്റെ പിന്നിൽ നിന്നു കണ്ടെത്തി. ഗോമതിയുടെ എട്ടു സ്വർണവളകളും മൂന്നു മാലകളും രാജുവിന്റെ പക്കൽ നിന്നു കണ്ടെടുത്തു.

രണ്ടുവർഷം മുൻപ് ഇവരുടെ വീട്ടിൽ നടന്ന മോഷണത്തിനു പിന്നിലും രാജുവാണെന്നാണു പൊലീസിന്റെ നിഗമനം. ഗോപാലകൃഷ്ണന്റെയും ഗോമതിയുടെയും മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു.

related stories