Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം: പ്രമുഖരെ പാതിവഴിയിൽ ഒഴിവാക്കി പൊലീസ് അന്വേഷണം

Shuhaib-1

കണ്ണൂർ ∙ എടയന്നൂരിലെ യൂത്ത്കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്തെ ഉയർന്ന സിപിഎം നേതാക്കളുടെ പങ്ക് ഒരുഘട്ടത്തിൽ അന്വേഷിച്ച പൊലീസ് പെട്ടെന്ന് ഇവരെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി സൂചന. ഷുഹൈബ് കൊല്ലപ്പെട്ട ഫെബ്രുവരി 12നു രാത്രി എട്ടു മുതൽ ഒരു മണിക്കൂർ പാലയാട്ടെ ഒരു കെട്ടിടത്തിൽ യോഗം ചേർന്ന നാലു പേരെക്കുറിച്ച് ആദ്യഘട്ടത്തിൽ സജീവമായി അന്വേഷിച്ച പൊലീസ് പിന്നീട് ഇവരെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കി.

ഏതാനും പ്രമുഖർ മാത്രം ഉൾപ്പെട്ട യോഗമാണു നടന്നത്. അന്നു രാത്രി 10.45നാണു ഷുഹൈബിനു വെട്ടേൽക്കുന്നതും തുടർന്നു കൊല്ലപ്പെടുന്നതും. അറസ്റ്റിലായ തെരൂർ പാലയോട് സ്വദേശികളായ അസ്കർ, അഖിൽ എന്നിവർ നൽകിയ മൊഴിപ്രകാരമാണു പൊലീസ് അന്നു യോഗത്തിൽ പങ്കെടുത്ത സിപിഎം നേതാക്കളെ അന്വേഷിച്ചു തുടങ്ങിയത്. എടയന്നൂർ സ്വദേശികളായ അസ്കറിനെയും അഖിലിനെയും അക്രമിസംഘത്തിൽ ഉണ്ടായിരുന്ന തില്ലങ്കേരി സ്വദേശി ആകാശ് അടക്കമുള്ളവരെയും കൂട്ടിയോജിപ്പിച്ചത് ഈ നേതാക്കളാണെന്ന സൂചനയെ തുടർന്നായിരുന്നു അന്വേഷണം.

എന്നാൽ, ഇവരിൽ ചിലരെ പിടികൂടുന്ന ഘട്ടംവരെയെത്തിയതിനു ശേഷം കാരണമൊന്നുമില്ലാതെ പ്രത്യേക അന്വേഷണ സംഘം പെട്ടെന്നു പിൻവാങ്ങിയതോടെയാണു ഗൂഢാലോചനക്കാരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായി സംശയം ഉയരുന്നത്. നേതാക്കളിൽ ഒരാളുടെ മൂന്നു ഫോൺ നമ്പറുകൾ കണ്ടെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മറ്റു മൂന്നുപേർക്കു വേണ്ടി അന്വേഷണം നടത്തിയത്. ഇവരുടെ ഫോൺവിളിയുടെ വിശദാംശങ്ങളും ഫോട്ടോയും ശേഖരിച്ച അന്വേഷണ സംഘം ഒളിവിലായിരുന്ന ഇവർക്കു വേണ്ടി പ്രദേശത്തു തിരച്ചിൽ നടത്തുകയും ചെയ്തു.

ഇവരിൽ ഒരാൾ കാറിൽ സഞ്ചരിക്കുമ്പോൾ പൊലീസ് പിന്തുടർന്നെങ്കിലും കടന്നുകളയുകയായിരുന്നു. മറ്റൊരാളുടെ സ്വന്തം വീട്ടിലും ബന്ധുവീട്ടിലും പൊലീസ് സംഘം വളഞ്ഞു പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. ഈ നാലുപേർക്കു പുറമെ മറ്റൊരു സിപിഎം പ്രവർത്തകനും സംഭവത്തിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ ഇയാൾക്കു വേണ്ടിയും വ്യാപകതിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണു സിഐടിയു പ്രവർത്തകൻ തെരൂർ പാലയോട് കെ.ബൈജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു ലഭിച്ച സൂചനയെത്തുടർന്ന് ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കുകയും ചെയ്തു.

ബൈജുവിനെ അറസ്റ്റ് ചെയ്തതോടെ നേതാക്കളെക്കുറിച്ചുള്ള അന്വേഷണം നിലച്ചു. എടയന്നൂർ സ്കൂളുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്നു ഷുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ തിരിച്ചടിയിൽ ബൈജുവിനു കാര്യമായി പരുക്കേറ്റിരുന്നു. ഇതിന്റെ പ്രതികാരമായാണു ഷുഹൈബിനെ വെട്ടിയതെന്നും മറ്റൊരു ഗൂഢാലോചനയുമില്ലെന്നും വരുത്താനുള്ള നീക്കങ്ങളും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നാണു ഷുഹൈബിന്റെ കുടുംബത്തിന്റെ ആരോപണം.