Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുപക്ഷത്തിനു പുതിയ ദിശാബോധം വേണം: കാരാട്ട്

prakash-karat-3

മലയിൻകീഴ് (തിരുവനന്തപുരം)∙ ഇടതുപക്ഷ പോരാട്ടങ്ങൾക്കു പുതിയ ദിശാബോധം വേണമെന്ന പാഠമാണു ത്രിപുര തിരഞ്ഞെടുപ്പുഫലം നൽക്കുന്നതെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ പഠനകോഴ്സിന്റെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടികോൺഗ്രസിൽ പുതിയ രാഷ്ട്രീയ അടവുനയം ചർച്ച ചെയ്യുമെന്നു കാരാട്ട് വ്യക്തമാക്കി. ഇടതുവിരുദ്ധ വോട്ടുകളുടെ ഏകീകരണവും പണാധിപത്യവുമാണു ത്രിപുരയിൽ തിരിച്ചടിയായത്. 45% വോട്ട് പാർട്ടിക്ക് നേടാനായതിനാൽ അടിത്തറ ദുർബലമായെന്നു പറയാനാകില്ല. എന്തു വെല്ലുവിളിയുണ്ടായാലും ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും സിപിഎമ്മിനു കഴിയും. അവിടെ കോൺഗ്രസ് കൈക്കൊണ്ട നിലപാടാണു പാർട്ടിക്ക് തലവേദനയായത്. അവരുടെ ബൂത്തുതല അംഗങ്ങൾ വരെ ബിജെപിയിലേക്കു ചേക്കേറിയെന്നും കാരാട്ട് പറഞ്ഞു.

സമ്മേളനത്തിൽ ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മറ്റിയംഗം പുത്തൻകട വിജയൻ, വിളപ്പിൽ ഏരിയാ സെക്രട്ടറി സുകുമാരൻ, നേതാക്കളായ കെ.എൻ.ഗണേഷ്, വേണുഗോപാൽ, കെ.എസ്.സുനിൽകുമാർ, പ്രതാപചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. ക്ലാസിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.