Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാർട്ടി കോൺഗ്രസിനു ശേഷം

cpm-flag

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം പാർട്ടി കോൺഗ്രസിനു ശേഷം മാത്രം. അതേസമയം ജില്ലാ സെക്രട്ടേറിയറ്റുകളുടെ രൂപീകരണം തുടങ്ങി. ഏപ്രിൽ ഒടുവിൽ ഹൈദരാബാദിലാണു പാർട്ടി കോൺഗ്രസ്. ഈ മാസം 18നു സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതു സെക്രട്ടേറിയറ്റ് രൂപീകരണത്തിനല്ലെന്നു നേതാക്കൾ പറഞ്ഞു. പാർട്ടി കോൺഗ്രസിനു മുമ്പാകെയുള്ള കരടു രാഷ്ട്രീയ പ്രമേയത്തിന്മേൽ സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം രൂപീകരിക്കാനാണു 18ലെ യോഗം. 

ബിജെപിക്കെതിരെ കോൺഗ്രസിനെയും സഹകരിപ്പിക്കണമെന്ന അഭിപ്രായത്തെ ത്രിപുരയിലെ വൻതിരിച്ചടിക്കു ശേഷവും ശക്തമായി എതിർക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ മാറ്റമൊന്നുമില്ല. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കോൺഗ്രസ് അനുകൂല ലൈനിന് എന്തെങ്കിലും പിന്തുണ ഇവിടെ ഉയരുമോയെന്നതു കൂടി കണക്കിലെടുത്താണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ ലേഖന പരമ്പര പാർട്ടി പത്രം പ്രസിദ്ധീകരിച്ചത്. ‘കോൺഗ്രസിന്റെ വർഗനയം ബിജെപിയുടേതു തന്നെ’ എന്നായിരുന്നു തലക്കെട്ട്. 

തന്റെ രാഷ്ട്രീയ ലൈനിൽ നിന്നു യച്ചൂരി പിന്നോട്ടു പോയിട്ടില്ലെന്നു തൃശൂർ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ഘടകത്തിനു മനസ്സിലായിട്ടുണ്ട്. അതിനാൽ അതിനെതിരായുള്ള പടയൊരുക്കം കൂടിയായി കേരളത്തിലെ വിവിധ തലങ്ങളിൽ നടക്കുന്ന രാഷ്ട്രീയപ്രമേയ ചർച്ചകൾ മാറുകയാണ്. ജില്ലാ കമ്മിറ്റികളും ഇതിനായി വിളിച്ചുചേർക്കുന്നുണ്ട്. 

ജില്ലാ സെക്രട്ടേറിയറ്റുകൾ 

കണ്ണൂരിലും കോട്ടയത്തും ജില്ലാ സെക്രട്ടേറിയറ്റുകൾ രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കു ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളി‍ൽ പങ്കെടുക്കാമെന്നതിനാൽ ജില്ലകളിൽ അവരെ മാറ്റിനിർത്തി ആ ഒഴിവിലേക്കു പകരം ആളെയെടുക്കണമെന്ന അഭിപ്രായം നേതൃത്വം പരിഗണിക്കുന്നുണ്ട്. കണ്ണൂരിലും കോട്ടയത്തും ഇതിന്റെ പ്രതിഫലനമുണ്ടായി. എന്നാൽ ജില്ലകളിലെ സാഹചര്യങ്ങൾ‍ക്കനുസരിച്ചാണിതെന്നും മുൻകൂട്ടി ആ നിർദേശമില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഓരോ ജില്ലയിലെയും സെക്രട്ടേറിയറ്റുകളിൽ നിലവിൽ എത്രപേരുണ്ടായിരുന്നോ അതേ എണ്ണം തുടരും. 

ചെങ്ങന്നൂർ ആദ്യ ദൗത്യം 

തൃശൂരിൽ തിരഞ്ഞെടുത്ത പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ രാഷ്ട്രീയദൗത്യമായി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനെ കാണണമെന്നാണു നേതൃത്വം കരുതുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു തന്നെ വിരൽ ചൂണ്ടുന്ന ജനവിധിയായി ചെങ്ങന്നൂർ മാറുമെന്നു പാർട്ടി കരുതുന്നു. ഷുഹൈബ് വധത്തിലെ പ്രതികൾക്കെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി നടപടിയെടുത്തതും ഇതുകൂടി കണക്കിലെടുത്താണ്. ചെങ്ങന്നൂരിൽ സജി ചെറിയാനെ സ്ഥാനാർഥിയാക്കാനാണു ജില്ലാ നേതൃത്വം നിർദേശിച്ചിരിക്കുന്നതെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുൻപേ സ്ഥാനാർഥിയെ പ്രഖ്യാപിക്കണമോയെന്ന ശങ്കയ്ക്കൊപ്പം യുഡിഎഫ്–ബിജെപി സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നീളുന്നതും ഇതിനു കാരണമാണ്.