Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി വിൽപന: സിംഗിൾ ബെഞ്ച് വിധിക്കെതിരെ കർദിനാളും െവെദികരും ഡിവിഷൻ ബെഞ്ചിൽ

Major Arch Bishop Cardinal Mar George Alencherry

കൊച്ചി ∙ സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന സംബന്ധിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും രണ്ടു വൈദികരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ ഡിവിഷൻ ബെഞ്ച് പിന്നീടു പരിഗണിക്കും. 

പൊലീസിൽ പരാതി നൽകിയ വ്യക്തിക്ക് ഈ വിഷയം നേരിട്ടറിവുള്ളതല്ലെന്നും മറ്റു തൽപരകക്ഷികളാൽ നിയോഗിക്കപ്പെട്ടതാണെന്നും കർദിനാളിന്റെ അപ്പീലിൽ പറയുന്നു. ഇടപാടിൽ ബന്ധമില്ലാത്ത വ്യക്തി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നൽകുന്ന പരാതി കേസെടുക്കാൻ പര്യാപ്തമല്ല. പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മജിസ്ട്രേട്ട് കോടതിയെയാണു സമീപിക്കേണ്ടത്, ഹൈക്കോടതിയെ അല്ല. എങ്ങനെ അന്വേഷണം നടത്തണമെന്നു ഹൈക്കോടതിക്കു നിർദേശിക്കാനാവില്ല. ഹർജി കോടതി നടപടികളുടെ ദുരുപയോഗമാണ്. 

പരാതിയിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിലനിൽക്കുമോ എന്നു സ്റ്റേഷൻ ഹൗസ് ഓഫിസറോ മജിസ്ട്രേട്ടോ ആണു പരിശോധിക്കേണ്ടത്. ആരോപണം സിവിൽ സ്വഭാവമുള്ളതാണെന്നു കണ്ടാണ് എസ്എച്ച്ഒ കേസെടുക്കാതിരുന്നതെന്നു പ്രോസിക്യൂട്ടർ ഹർജിയിൽ ബോധിപ്പിച്ചിരുന്നു. പരാതിയിൽ തീരുമാനം എടുത്തുവെന്നാണ് ഇതിൽ വ്യക്തമാകുന്നത്. ആരോപണങ്ങളുടെ ആഴത്തിലേക്കു കടന്നു സിംഗിൾ ജഡ്ജി നടത്തിയ നിഗമനങ്ങളും ഉത്തരവും നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നും കർദിനാൾ അപ്പീലിൽ ആവശ്യപ്പെട്ടു. 

സിംഗിൾ ജഡ്ജിയുടെ ഉത്തരവു നിയമപരമല്ലെന്ന് ആരോപിച്ച് ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരും അപ്പീൽ നൽകി. സമാന വിഷയത്തിലുള്ള പരാതിയിൽ മജിസ്ട്രേട്ട് അന്വേഷണം   നടത്തുകയാണെന്നും മറ്റൊരു പരാതി സിവിൽ സ്വഭാവമുള്ളതെന്നു കണ്ടു മജിസ്ട്രേട്ട് കോടതി തള്ളിയതാണെന്നും അപ്പീലിൽ പറയുന്നു. ഇതിനിടെ, കോടതി നിർദേശം നടപ്പായില്ലെന്നാരോപിച്ച് അങ്കമാലി സ്വദേശി മാർട്ടിൻ പയ്യപ്പിള്ളി പൊലീസിനെതിരെ കോടതിയലക്ഷ്യ ഹർജിയും നൽകി. 

related stories