Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപിയെ പുകഴ്ത്തുന്ന സിപിഎം അടവിനെ ചെറുക്കാൻ ആർഎംപിഐ

tp-kodiyeri

കോഴിക്കോട് ∙ ടി.പി. ചന്ദ്രശേഖരനെ പുകഴ്ത്തി ആർഎംപിഐയെ ഒതുക്കാൻ ഒഞ്ചിയത്ത് സിപിഎം കണ്ടെത്തിയ ആശയക്കുഴപ്പ അടവിനെ ചെറുക്കാൻ ആർഎംപിഐ നീക്കം തുടങ്ങി. ജനാധിപത്യ മതനിരപേക്ഷ പക്ഷത്തു ചേർന്നു നിന്നുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ് പാർട്ടി ഇതിനു കാണുന്ന വഴി.   

ടി.പി. ചന്ദ്രശേഖരൻ സിപിഎമ്മിന്റെ തകർച്ച ആഗ്രഹിച്ചിരുന്നില്ലെന്നും പാർട്ടിയുമായി അടുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പരസ്യമായി പ്രസംഗിക്കുമ്പോൾ അതിന്റെ മുന കൊള്ളുന്നതു രണ്ടു ലക്ഷ്യങ്ങളിലാണ്. ഒന്ന്, യുഡിഎഫുമായി ചേർന്ന് ആർഎംപി രാഷ്ട്രീയ സഖ്യം വളർത്തിയെടുക്കുന്നതു തകർക്കുക. രണ്ട്, ചന്ദ്രശേഖരൻ തുടങ്ങിയ പാർട്ടി  ലക്ഷ്യം മറന്നുവെന്നു വരുത്തിത്തീർത്ത് അവരുടെ അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക. 

പിണറായി വിജയൻ കുലംകുത്തിയെന്നു വിളിച്ച ടി.പി. ചന്ദ്രശേഖരനെ പെട്ടെന്നൊരു ദിനം കോടിയേരി ബാലകൃഷ്ണൻ പാപമോചനം പ്രഖ്യാപിച്ചു വെള്ളപൂശുന്നതിനെ ജാഗ്രതയോടെയാണ് ആർഎംപി കാണുന്നത്. സിപിഎം ജില്ലാ സമ്മേളനത്തിനു ശേഷം ഒഞ്ചിയം മേഖലയിലുണ്ടായ വ്യാപക ആക്രമണങ്ങളെ തുടർന്നു യുഡിഎഫിന്റെ സഹായം തേടിയ പാർട്ടിയെ സമ്മർദത്തിലാക്കാനാണു പ്രസംഗത്തിലൂടെ കോടിയേരി ശ്രമിച്ചത്.

ചന്ദ്രശേഖരൻ യുഡിഎഫിനെ ശക്തമായി എതിർത്തിരുന്നുവെന്ന് കോടിയേരി ഓർമിപ്പിക്കുമ്പോൾ ഇപ്പോഴത്തെ പാർട്ടി അദ്ദേഹത്തെ മറന്നു യുഡിഎഫിനൊപ്പം ചേരുന്നുവെന്ന പ്രതീതി പ്രവർത്തകരിൽ ഉണ്ടാക്കും. ടിപിയെ ഒരു വികാരമായി കാണുന്ന ആർഎംപിക്കാർക്കും സിപിഎമ്മിലെ ടിപി അനുകൂലികൾക്കും ഈ നീക്കം അംഗീകരിക്കാൻ കഴിയില്ല എന്നു സിപിഎം കണക്കു കൂട്ടുന്നു. 

ആർഎംപി അണികളെ കൊഴിക്കാനും സ്വന്തം അണികളെ ഉറപ്പിക്കാനും പറ്റിയ അടവ്. ആർഎംപിഐയിൽ നിന്ന് അണികളെ  ഈ പ്രചാരണം വഴി അകറ്റാനായാൽ ആ പാർട്ടിയെ കൂടെക്കൂട്ടുന്നതുകൊണ്ടു രാഷ്ട്രീയ ലാഭമില്ലെന്ന ചിന്ത യുഡിഎഫിലുണ്ടാകുമെന്നും സിപിഎം കരുതുന്നു.