Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കുഞ്ഞനന്തനെ വിട്ടയയ്ക്കാനുള്ള നീക്കം ജുഡീഷ്യറിക്കു വെല്ലുവിളി’

കോഴിക്കോട് ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും അതിനെതിരെ ഗവർണർക്ക് കെ.കെ. രമയുടെ നേതൃത്വത്തിൽ നേരിട്ടു പരാതി നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യുമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു, പി.പി. മോഹനൻ എന്നിവർ അറിയിച്ചു.

കുഞ്ഞനന്തൻ തനിക്കു വേണ്ടപ്പെട്ട ആളാണെന്ന് പിണറായി വിജയൻ നേരത്തേ പ്രതികരിച്ചിരുന്നു. അതും ഇപ്പോഴത്തെ ജയിൽ മോചന നീക്കവുമായി കൂട്ടിവായിക്കണം. ടിപി കേസിൽ സിപിഎം സംസ്ഥാന നേതാക്കൾക്കു പങ്കുണ്ട്. അതു വെളിച്ചത്തു വരാതിരിക്കാനാണ് കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമം. യുഡിഎഫ് ഉൾപ്പെടെ മുഴുവൻ ജനാധിപത്യ സംവിധാനങ്ങളുമായി ഒന്നിച്ച് സിപിഎമ്മിന്റെ ഫാഷിസ്റ്റ് കടന്നുകയറ്റത്തിനെതിരെ സമര രംഗത്തേക്കു വരുമെന്നും നേതാക്കൾ പറഞ്ഞു.