Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ ലൈസൻസ് അനുവദിക്കുന്നതിന് എക്സൈസ് ഉത്തരവും ഇറങ്ങി

x-default

തിരുവനന്തപുരം∙ ബാർ തുറക്കാനുള്ള മാനദണ്ഡം നിശ്ചയിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ, ലൈസൻസ് അനുവദിക്കുന്നതിന് എക്സൈസ് കമ്മിഷണറും അതേദിവസം തന്നെ ഉത്തരവ് നൽകി.

ഇതോടെ, പതിനായിരത്തിലേറെ ജനസംഖ്യയുള്ള ഏതു പഞ്ചായത്തിലും ത്രീസ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് ലഭിക്കും. എഴുനൂറിലേറെ പഞ്ചായത്തുകൾ ഈ പദവിയിലുണ്ട്. ഓരോ പഞ്ചായത്തിലും ദൂരപരിധി നോക്കി എത്ര ബാർ വേണമെങ്കിലും തുറക്കാമെന്നതായി സ്ഥിതി. എങ്കിലും, പുതിയ ബാർ ലൈസൻസ് ഏപ്രിൽ മുതൽ അനുവദിച്ചാൽ മതിയെന്നാണ് ഉദ്യോഗസ്ഥർക്കു സർക്കാർ വാക്കാൽ നൽകിയിട്ടുള്ള നിർദേശം. സർക്കാരിന്റെ മദ്യനയത്തിൽ പറയാത്ത കാര്യങ്ങളാണു സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ പുതിയ ഉത്തരവായി ഇറക്കിയത്.

നേരത്തേ പൂട്ടിയ മൂന്നു ബാറുകൾ, 148 ബീയർ–വൈൻ പാർലറുകൾ, 511 കള്ളുഷാപ്പുകൾ എന്നിവയാണു പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുറക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നു. ത്രീസ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെ പദവിയുള്ള ഹോട്ടലുകളുടെ അറുപതിലേറെ ബാർ ലൈസൻസ് അപേക്ഷകൾ എക്സൈസിനു ലഭിച്ചിട്ടുണ്ട്. പലരും ബീയർ–വൈൻ പാർലർ ത്രീസ്റ്റാർ പദവിയിലേക്ക് ഉയർത്തിയതാണ്. അതിനാൽ, സർക്കാരിന്റെ പുതിയ മാനദണ്ഡപ്രകാരം ആർക്കെങ്കിലും ബാർ ലൈസൻസ് നൽകിയാൽ മറ്റ് അപേക്ഷകർക്കും നൽകേണ്ടി വരും.

ഈ സർക്കാർ വന്നശേഷം ഇതുവരെ 287 ബാറുകൾ തുറന്നു. ഫൈവ് സ്റ്റാർ–41, ഫോർ സ്റ്റാർ–125, ത്രീ സ്റ്റാർ–116, ഹെറിറ്റേജ്–അഞ്ച് എന്നിങ്ങനെ. പഞ്ചായത്തുകളിലെ ജനസംഖ്യ മാത്രം മാനദണ്ഡമാക്കി നികുതിസെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ മിന്നൽവേഗത്തിലാണ് അതേദിവസം എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും ഉത്തരവിറക്കിയത്. ജോയിന്റ് എക്സൈസ് കമ്മിഷണർമാർക്കും ജില്ലകളിലെ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കും നൽകിയ ഉത്തരവിൽ പറയുന്നത്: എല്ലാ ഡിവിഷനിലും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർമാർ മാനദണ്ഡം പാലിച്ചു മദ്യശാലകൾക്കു ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷ പരിശോധിച്ച് ഉത്തരവ് നൽകണം.

ഇത്രവേഗത്തിൽ എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്ന് ഉത്തരവ് ഇറങ്ങാറില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, സുപ്രീം കോടതി ഉത്തരവു പ്രകാരം നേരത്തേ പൂട്ടിയ മദ്യശാലകൾ ഈ സാമ്പത്തിക വർഷം തന്നെ തുറക്കുന്നതിനാണ് ഇത്തരത്തിൽ വേഗത്തിൽ ഉത്തരവിറക്കിയതെന്നു കമ്മിഷണർ ഓഫിസിലെ ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതേസമയം, പുതിയ അപേക്ഷകളിൽ ഈ സാമ്പത്തിക വർഷം തീരുമാനമെടുക്കില്ലെന്നും പറയുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ ഈ സാമ്പത്തിക വർഷം ലൈസൻസ് എടുത്താൽ ഉടമകൾക്കു ലക്ഷങ്ങൾ നഷ്ടമാകുമെന്നതാണ് ഇതിന്റെ പിന്നിലെ രഹസ്യം.

related stories