Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി ഇടപാട്: കേസെടുക്കണമെന്ന ഉത്തരവിനു സ്റ്റേ

stay

കൊച്ചി∙ സിറോ മലബാർ സഭയുടെ എറണാകുളം–അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന സംബന്ധിച്ച പരാതിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

പൊലീസിൽ നൽകിയ പരാതിയുടെ മഷിയുണങ്ങും മുൻപേ ഹർജിയുമായെത്തിയതു നിയമനടപടികളുടെ ദുരുപയോഗമാണെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണു ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെത്തുടർന്ന് പൊലീസ് സ്വീകരിച്ച കേസ് നടപടികൾ അപ്പീൽ നൽകിയവരെ ബാധിക്കില്ലെന്നു കോടതി വ്യക്തമാക്കി. കൃത്യനിർവഹണത്തിൽ അധികൃതരുടെ ഭാഗത്തു വീഴ്ച ബോധ്യപ്പെട്ടാൽ ഡ്യൂട്ടി ചെയ്യാൻ നിർദേശം നൽകാനാണ് ‘മാൻഡമസ്’ റിട്ടധികാരം വിനിയോഗിക്കുന്നത്.

ഇവിടെ പരാതി നൽകി തൊട്ടുപിന്നാലെ, കേസെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരൻ കോടതിയിലെത്തി. ഈ സാഹചര്യത്തിൽ ഹർജി പരിഗണിച്ചു സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവു സ്റ്റേ ചെയ്യാൻ കാരണമുണ്ടെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫാ. ജോഷി പുതുവ തുടങ്ങിയവർ അപ്പീൽ നൽകിയിരുന്നു. പരാതിക്കാരനായ ഷൈൻ വർഗീസ് പൊലീസിൽ നൽകിയ പരാതിയിൽ ഫെബ്രുവരി 15 എന്നു തീയതി  വച്ചിട്ടുണ്ടെങ്കിലും പിറ്റേന്നാണ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കു മുന്നിൽ സമർപ്പിച്ചതെന്നും അന്നുതന്നെ ഹർജി നൽകിയെന്നും കർദിനാളിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകനായ കെ.വി. വിശ്വനാഥൻ ബോധിപ്പിച്ചു. 

related stories