Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാ തിരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് (എം) വിട്ടുനിൽക്കും

km-mani

കോട്ടയം ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാനും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നതിനുശേഷം നിലപാടു സ്വീകരിക്കാനും കേരള കോൺഗ്രസ് (എം) യോഗത്തിൽ തീരുമാനം. മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപുണ്ടാകുമെന്നു സൂചനയും നൽകി പാർട്ടി അധ്യക്ഷൻ കെ.എം.മാണി. ഉചിതമായ സമയത്ത് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ചിലപ്പോൾ ‘സർപ്രൈസായി’ മുന്നണി പ്രവേശനം സംബന്ധിച്ചു പ്രഖ്യാപനം നടക്കുമെന്നും കോട്ടയത്തു നടന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിനുശേഷം കെ.എം.മാണി പറ‍ഞ്ഞു.

എൻഡിഎ സ്ഥാനാർഥി പാലായിൽ വന്നു തന്നെ കണ്ടതു വെറും സൗഹൃദ സന്ദർശനമായി മാത്രം കണ്ടാൽ മതി. എൻഡിഎ മാത്രമല്ല ഇന്ത്യയിലെ എല്ലാ പാർട്ടികളും കേരള കോൺഗ്രസിനെ ഒപ്പം ചേർക്കാൻ ആഗ്രഹിക്കുന്നവരാണെന്നു മാണി പറഞ്ഞു. ഏപ്രിൽ 20നു പാർട്ടിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കും. കർഷകരുടെ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ പരാജയമാണെന്നും മാണി പറഞ്ഞു.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കാർഷിക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഏപ്രിൽ 27നു കോട്ടയത്തു കർഷക സംഗമം സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ മദ്യനയം തീർത്തും തെറ്റാണ്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നു പറഞ്ഞവർ ഇപ്പോൾ മദ്യലഭ്യത കൂട്ടുകയാണു ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ സമരപരിപാടികളുമായി പാർട്ടി രംഗത്തുവരുമെന്നും കെ.എം.മാണി പറഞ്ഞു.

ഏതു മുന്നണിയിലേക്കു പോകണമെന്നതു സംബന്ധിച്ച് ഉന്നതാധികാര സമിതിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു. എൽഡിഎഫിലേക്കു പോകണമെന്ന് ഒരു വിഭാഗവും യുഡിഎഫിലേക്കു മടങ്ങണമെന്നു മറുവിഭാഗവും യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതു സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകുമെന്നു നേതൃത്വം അറിയിച്ചതോടെ വിഷയങ്ങൾ അവസാനിച്ചു.

ചെങ്ങന്നൂരിൽ മനഃസാക്ഷി വോട്ട് എന്ന നിലപാടു സ്വീകരിച്ചാൽ പാർട്ടി അപകടത്തിൽ ചാടുമെന്നു വിമർശനമുയർന്നു. ഇടതുപക്ഷം ജയിച്ചാൽ മദ്യനയത്തിനും കൊലപാതക രാഷ്ട്രീയത്തിനും പാർട്ടി കൂട്ടുനിന്നു എന്നുവരുമെന്നും ബിജെപി ജയിച്ചാൽ തങ്ങളുടെ വോട്ട് കിട്ടിയെന്ന അവകാശവാദം ബിജെപി ഉന്നയിക്കുമെന്നും യുഡിഎഫ് വാദമുന്നയിച്ചവർ പറഞ്ഞു. വേങ്ങരയിലും മലപ്പുറത്തും നിലപാടു സ്വീകരിച്ചതുപോലെ ഒരു നിലപാട് എടുക്കണമെന്നായിരുന്നു ആവശ്യം. ചരൽക്കുന്നിലെ തീരുമാനം പ്രത്യേക വികാരത്തിലെടുത്തതാണെന്നും എന്നാൽ കേന്ദ്രത്തിൽ യുപിഎയ്ക്കൊപ്പം ചേർന്നു നിൽക്കുമ്പോൾ കേരളത്തിലും നിലപാട് അത്തരത്തിൽ വേണമെന്നും അവർ ആവശ്യമുന്നയിച്ചു.