Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷ: വിരമിച്ച പൊലീസുകാരും മുന്നിട്ടിറങ്ങണമെന്നു മുഖ്യമന്ത്രി

police-pensioners കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെയും കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷന്റെയും ലയന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. കെ.ജെ.ജോർജ് ഫ്രാൻസിസ്, എ.കെ.വേണുഗോപാൽ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർ സമീപം.

തിരുവനന്തപുരം∙ സംസ്ഥാനം ക്രമസമാധാനത്തിലും അനുബന്ധ മേഖലകളിലും മുന്നിട്ടുനിൽക്കുന്നു എന്നതുകൊണ്ട് കുറവുകളോ പ്രശ്നങ്ങളോ ഇല്ലെന്ന തോന്നൽ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെയും കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷന്റെയും ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിരമിച്ച പൊലീസുകാരും സ്ത്രീസുരക്ഷയ്ക്കായി മുന്നിട്ടിറങ്ങണം. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. പൊലീസിന്റെ കണ്ണിൽപെടാത്ത കുറ്റകൃത്യങ്ങൾ ഒട്ടേറെ നടക്കുന്നുണ്ട്. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തണം. ജനമൈത്രി പൊലീസിങ് ശക്തിപ്പെടുത്താൻ ഇടപെടണം. ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന പൗരന്മാർക്കു സഹായം ചെയ്യണം. ക്രിമിനലുകളെ ചൂണ്ടിക്കാണിക്കാൻ സമൂഹത്തിൽ പലർക്കും ഭയമാണ്. അത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്റെ നാവായി വിരമിച്ച പൊലീസുകാർ മാറണം–മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.വേണുഗോപാൽ, ജനറൽ സെക്രട്ടറി കെ.ജെ.ജോർജ് ഫ്രാൻസിസ്, സ്വാഗതസംഘം ജനറൽ കൺവീനർ ജെ.ഷാജഹാൻ, ചെയർമാൻ കെ.ടി.സെയ്ദ്, എ.എം.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.