Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യനയം: ബാറുകൾ ലൈസൻസ് പുതുക്കൽ നടപടികളിലേക്ക്

x-default

തിരുവനന്തപുരം∙ സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ ബാറുകൾ ഉൾപ്പെടെ മദ്യശാലകളുടെ ലൈസൻസ് പുതുക്കുന്ന നടപടി ആരംഭിച്ചു. ബാറിനു വർഷം 28 ലക്ഷം രൂപയും ബീയർ–വൈൻ പാലർറിനു നാലു ലക്ഷവുമാണ് ലൈസൻസ് ഫീസ്. ഇതിനു പുറമെ റസ്റ്ററന്റിൽ മദ്യം വിളമ്പുന്നതിന് 30,000 രൂപയും ബീയർ–വൈൻ വിളമ്പുന്നതിന് 20,000 രൂപയും നൽകണം.

ദേശീയപാതയിലെ മദ്യവിൽപനയ്ക്കുള്ള നിയന്ത്രണം സുപ്രീം കോടതി നീക്കിയതും പതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ മദ്യശാലകൾ തുറക്കാമെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചതും നിർണായകമായി. കോടതിവിധിയെത്തുടർന്ന് 520 കള്ളുഷാപ്പുകളും 171 ബീയർ–വൈൻ പാർലറുകളും ആറു മദ്യവിൽപനശാലകളും മൂന്നു ബാറുകളുമാണ് അടച്ചിടേണ്ടി വന്നത്.

ബീയർ–വൈൻ പാർലറുകൾ പ്രവർത്തിക്കുന്ന നൂറോളം ഹോട്ടലുകൾ ബാർ ലൈസൻസ് നേടാനുള്ള ത്രീ സ്റ്റാർ പദവിക്കു വേണ്ടിയുള്ള ശ്രമത്തിലാണ്. നക്ഷത്രപദവി ലഭിക്കുന്നതിനാവശ്യമായ നിർമാണ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും തകൃതിയായി നടക്കുന്നു. കേന്ദ്ര വിനോദസഞ്ചാര വകുപ്പ് ത്രീ സ്റ്റാർ പദവി അനുവദിക്കുന്ന മുറയ്ക്കു ബാർ‍ ലൈസൻസിന് അപേക്ഷിക്കാം. അതുവരെ ബീയർ–വൈൻ പാർലറുകൾ മാത്രം.

വിദേശ നിർമിത വിദേശമദ്യം വിൽക്കാൻ പുതിയ മദ്യനയം അനുമതി നൽകുന്നുവെങ്കിലും ചട്ടങ്ങൾ പുറപ്പെടുവിക്കാത്തതിനാൽ വിൽപന വൈകും. അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയാൽ മാത്രമേ വിൽപന സാധിക്കുകയുള്ളൂ. എക്സൈസ് വകുപ്പ് തയാറാക്കിയ ചട്ടങ്ങൾ നിയമവകുപ്പിന് അയച്ചിട്ടുണ്ട്. വിദേശ നിർമിത വിദേശമദ്യം വിൽക്കാൻ ലൈസൻസ് തുകയ്ക്കു പുറമെ ബാറുകൾ വർഷം 25,000 രൂപ അടയ്ക്കണം.

നികുതി പരിഷ്കരിച്ചു മദ്യത്തിന്റെ വില കൂട്ടിയതോടെ ബാറുകളിലെ നിരക്കും ഉയർന്നു. കുറഞ്ഞ മദ്യത്തിനു പെഗ്ഗിന് 10 രൂപയാണു വർധിച്ചത്. കുറഞ്ഞ വിലയ്ക്കുള്ള ബീയറിനും 10 രൂപ കൂടി. ബാറിന്റെ നക്ഷത്രപദവിക്കനുസരിച്ചു വിലയിൽ മാറ്റം വരും.  

സംസ്ഥാനത്തു നിലവിൽ പ്രവർത്തിക്കുന്ന മദ്യശാലകളുടെ കണക്ക്

ബാറുകൾ: 289

ചില്ലറവിൽപനശാലകൾ: 306

ബീയർ–വൈൻ പാർലറുകൾ – 597

കള്ളുഷാപ്പുകൾ: 3411

സൈനിക കന്റീൻ: 38

ക്ലബ്ബുകൾ: 34

related stories