Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരീക്കോട് പീഡനം: അന്വേഷണം ജില്ലാ പൊലീസ് മേധാവി വിലയിരുത്തും

Rape - Representational image

മലപ്പുറം∙ അരീക്കോട്ട് പന്ത്രണ്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ബന്ധുവിനെ അറസ്റ്റ് ചെയ്യാൻ വൈകിയതും കുട്ടിയെ പരീക്ഷാഹാളിൽനിന്നു ബന്ധുക്കൾ കൊണ്ടുപോയി മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതും സംബന്ധിച്ച അന്വേഷണം നേരിട്ടു വിലയിരുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ. മലപ്പുറം ഡിവൈഎസ്പിയോട് അന്വേഷണം അവലോകനം ചെയ്ത് വിശദാംശങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു സംഭവത്തിലും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുട്ടികൾ പീഡനത്തിനിരയാകുന്ന കേസുകളിൽ പാലിക്കേണ്ട വ്യവസ്ഥകൾ കേസിൽ പൊലീസ് ലംഘിച്ചെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയ ശേഷം മൊഴിയെടുക്കാൻ എഎസ്ഐ യൂണിഫോമിലാണ് എത്തിയത്. കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ അവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ എത്തരുതെന്നാണു ചട്ടം.

സ്റ്റേഷനിലെ അംഗമല്ലാത്ത പൊലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നത് ദുരൂഹമാണ്. വനിതാ പൊലീസ് തന്നെയാണ് മൊഴി രേഖപ്പെടുത്തിയത്. പൊലീസിന്റെ പെരുമാറ്റത്തിൽ കുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും സ്ഥലം മാറ്റിയിരുത്തിയാണ് മൊഴി രേഖപ്പെടുത്തൽ തുടർന്നതെന്നും സംരക്ഷണകേന്ദ്രം അധികൃതർ ജില്ലാ പൊലീസ് മേധാവിക്കു സമർപ്പിച്ച കത്തിലുണ്ടെന്നാണ് സൂചന.

കുട്ടിയെ കാണാൻ ബന്ധുക്കൾ ഹാജരാക്കിയ ബാലക്ഷേമസമിതി ഉത്തരവുകളുടെ വിശ്വാസ്യതയും സംശയത്തിന്റെ നിഴലിലാണ്.