Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്കറുകളിൽ ചെളിനിക്ഷേപം! ആധാരം ഉൾപ്പെടെ രേഖകളുടെ ഭാവി വെള്ളത്തിൽ

bank-locker

തിരുവനന്തപുരം∙ പ്രളയത്തിൽ മുങ്ങിയ ബാങ്കു ശാഖകളിലെ ലോക്കറുകളിൽ ചെളി! ലോക്കർ തുറന്നു വൃത്തിയാക്കാൻ ഇടപാടുകാർക്കു ബാങ്കുകളിൽനിന്നു ഫോൺ വിളി വന്നു തുടങ്ങി. എന്നാൽ, ഇടപാടുകാരിൽ പകുതിയിലേറെയും വിദേശത്ത്. ലോക്കറുകൾക്കുള്ളിൽ സൂക്ഷിക്കാറുള്ള ആധാരങ്ങൾ, വിൽപത്രം, സ്ഥിരനിക്ഷേപ രസീതുകൾ തുടങ്ങിയവയുടെ ഭാവിയും വെള്ളത്തിലായി. 

സംസ്ഥാനത്തെ 259 ബാങ്ക് ശാഖകൾ പ്രളയത്തിൽ മുങ്ങിയെന്നാണു സംസ്ഥാന തല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) കണ്ടെത്തിയത്. ലോക്കറുകൾ വൃത്തിയാക്കലാണു വലിയ വെല്ലുവിളി. ഇടപാടുകാരന്റെ പക്കലുള്ള താക്കോൽ കൂടി കിട്ടിയല്ലാതെ ലോക്കർ തുറക്കാൻ കഴിയില്ല. ലോക്കറുകൾക്കുള്ളിലെ ചെളി ദുർഗന്ധം പരത്തിത്തുടങ്ങിയതോടെ എസി നിർത്തി ജനൽ തുറന്നിട്ടാണു പല ശാഖകളുടെയും പ്രവർത്തനം. 

വായ്പയ്ക്ക് ഇൗടായി ബാങ്കുകൾ ഇടപാടുകാരിൽനിന്നു വാങ്ങിവച്ച ആധാരങ്ങളും നശിച്ചിട്ടുണ്ട്. 

വെള്ളത്തിലായ കറൻസിയും. നശിച്ച ആധാരങ്ങൾക്കു പകരം ടൈറ്റിൽ സർട്ടിഫിക്കറ്റ് ഇടപാടുകാർക്കു നൽകണമെന്ന് എസ്എൽബിസി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടുകൾ പരസ്പരം ഒട്ടിച്ചേർന്നു രൂപമാറ്റം വന്നിട്ടില്ലെങ്കിൽ ബാങ്ക് ശാഖയിൽ തന്നെ മാറ്റി വാങ്ങാം. അല്ലെങ്കിൽ റിസർവ് ബാങ്കിനെ സമീപിക്കണം. 

ശാഖകൾക്കു തീപിടിച്ചാൽ പോലും ലോക്കറുകൾ താരതമ്യേന സുരക്ഷിതമായിരിക്കും. എന്നാൽ വെള്ളപ്പൊക്കം അങ്ങനെയല്ല. ലോക്കറുകളിലെ  താക്കോൽ ദ്വാരവും വഴിയാണു പ്രളയജലം അകത്തുകടന്നത്.

related stories