Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച ബിജെപിക്കാർ അറസ്റ്റിൽ

flag കോഴിക്കോട്ട് കേരള പത്രപ്രവർത്തക യൂണിയൻ വാർഷിക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച കാർ തടയാനുള്ള യുവമോർച്ച പ്രവർത്തകരുടെ ശ്രമം. രണ്ടു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് പിടികൂടി. ചിത്രം : അബു ഹാഷിം∙ മനോരമ

കോഴിക്കോട്∙ നഗരത്തിൽ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 10 ബിജെപി – യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാവൂർ റോഡിലേക്കിറങ്ങിയപ്പോഴാണ് ആദ്യസംഭവം. ബിജെപി കൊടിയുമായി വാഹനത്തിനു മുന്നിലേക്കെത്തിയ യുവാവിനെ ഉടൻ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇടിക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ കാർ വെട്ടിച്ചു മാറ്റുകയായിരുന്നു. അകമ്പടി വാഹനത്തിനു മുന്നിലേക്കു കുതിച്ചെത്തിയയാളെയും പിടികൂടി. നെല്ലിക്കോട് സ്വദേശിയായ വിനീഷിനെയും മൂഴിക്കൽ സ്വദേശിയായ അനീഷിനെയും നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ശരത്ത്, അനൂപ് എന്നിവരെ കരുതൽ നടപടിയെന്ന നിലയിലും അറസ്റ്റ് ചെയ്തു. സിഎച്ച് മേൽപാലത്തിനു സമീപം കരിങ്കൊടി കാണിക്കാൻ ശ്രമിച്ച സിഗിനെയും അമർനാഥിനെയുമാണു ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇതോടൊപ്പം യുവമോർച്ച ജില്ലാ പ്രസിഡന്റ് സാലു ഇരഞ്ഞിയിൽ, സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, രഞ്ജിത്ത്, നിധിൻ എന്നിവരെ കസബ പൊലീസിന്റെ നേതൃത്വത്തിൽ കരുതൽ തടങ്കലിലുമാക്കി. കരുതൽ തടങ്കലിൽ വച്ചവരെ പിന്നീടു വിട്ടയച്ചു. രാവിലെ പത്രപ്രവർത്തക യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധജാഥ സമ്മേളന നഗരിക്കു സമീപം രാജാജി റോഡിൽ പൊലീസ് തടഞ്ഞിരുന്നു.

തിരൂരിൽ ഇമ്പിച്ചിബാവ മെമ്മോറിയൽ മൾട്ടി സ്പെഷ്യൽറ്റി സഹകരണ ആശുപത്രിയുടെ ഉദ്ഘാടനത്തിനായി കോഴിക്കോട്ടുനിന്നു പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ വഴിമധ്യേ തേഞ്ഞിപ്പലത്തിനടുത്തു കോഹിനൂരിൽ യുവമോർച്ചാ പ്രവർത്തകർ കരിങ്കൊടി കാണിച്ചു.