ADVERTISEMENT

കൂരാച്ചുണ്ട് ∙ കക്കയം ജലവൈദ്യുത പദ്ധതിയുടെ പ്രധാന പവർഹൗസിലേക്ക് ഉരുൾപൊട്ടിയതിൽ വൻ നാശനഷ്ടം. 150 മെഗാവാട്ടിന്റെ 3 മെഷീനുകൾ ഉൾപ്പെടെയുള്ള പവർഹൗസ് 1.5 മീറ്റർ ഉയരത്തിൽ മണ്ണും, കല്ലും കൊണ്ട് നിറഞ്ഞു. വിവിധ മെഷീനുകൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ നശിച്ചിട്ടുണ്ട്.

മൂന്ന് നിലകളിലായുള്ള പവർഹൗസിൽ ജോലിയിൽ ഉണ്ടായിരുന്ന 4 ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഉരുൾപൊട്ടലിൽ പവർഹൗസിലേക്ക് ജലമൊഴുക്ക് തുടരുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ഉരുൾപൊട്ടലിൽ വൈദ്യുത ബോർഡിന് 300 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. പവർഹൗസിൽ നിറഞ്ഞ മണ്ണു നീക്കം ചെയ്യാൻ ആഴ്ചകളോളം സമയമെടുക്കുമെന്നാണ് കരുതുന്നത്. ബോർഡിലെ നാൽപതോളം ജീവനക്കാർ തകരാർ പരിഹരിക്കാൻ നിരന്തരം ജോലി ചെയ്തു വരികയാണ്. 75 മെഗാവാട്ടിന്റെ 3 മെഷിനുകളിലും വെള്ളം കയറിയതിനാൽ വെള്ളിയാഴ്ച വൈകിട്ട് മുതൽ ഉൽപാദനം നിർത്തിയിരുന്നു. ഇന്നലെ വൈകിട്ട് ഈ പദ്ധതിയും 3.75 മെഗാവാട്ടിന്റെ ടെയിൽറേസ് പ്രോജക്ടിലും ഉൽപാദനം പുനഃരാരംഭിച്ചു. 

കക്കയത്തും ഇന്നലെ വൈകിട്ടാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. ദിവസേന 45 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം നിലച്ചതിനാൽ 2.25 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. കേന്ദ്ര പൂളിൽ നിന്നു കൂടുതൽ വൈദ്യുതി അനുവദിച്ചില്ലെങ്കിൽ പ്രശ്നം സങ്കീർണമാകാൻ സാധ്യതയുണ്ട്. ഉരുൾപൊട്ടലിൽ പവർഹൗസ് തകരാർ സംഭവിച്ചതിനാൽ വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ കക്കയം ജലപദ്ധതിയിൽ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചു. 5 പദ്ധതികളിലായി 231.75 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള വൈദ്യുതി ഉൽപാദനമാണ് മുടങ്ങിയത്.

110 കെവി ലൈനിൽ വിതരണം നിലച്ചതിനാൽ താൽക്കാലികമായി കൊടുവള്ളി, കിനാലൂർ സബ് സറ്റേഷനുകളിൽ നിന്ന് ഇന്നലെ രാവിലെ മുതൽ വൈദ്യുതി നൽകി. വെള്ളം കയറിയ 75 മെഗാവാട്ട് മെഷീൻ പരിശോധന പൂർത്തീകരിച്ച് വൈകിട്ട് 7 മണിക്ക് ഉൽപാദനം ആരംഭിച്ചു.

15.6 ലക്ഷം  വൈദ്യുതി കണക്‌ഷൻ തകരാറിൽ

തിരുവനന്തപുരം ∙ പ്രളയത്തെ തുടർന്നു  15.6 ലക്ഷം വൈദ്യുതി കണക്‌ഷനുകൾ തകരാറിലായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

മൊബൈൽ ഫോൺ കവറേജ് ലഭിക്കാത്തതു മലയോര മേഖലയിലെ രക്ഷാ പ്രവർത്തനത്തിനും അപകട വിവരം യഥാസമയം അറിയുന്നതിനും തടസ്സമാകുന്നുണ്ട്. ടവർ നശിക്കുകയും കണക്ടിവിറ്റി ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇടങ്ങളിൽ ഉപയോഗിക്കാൻ ‘സെൽ ഓൺ വീൽസ്’ എന്ന സഞ്ചരിക്കുന്ന സംവിധാനം സജ്ജമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.ചാലിയാറിൽ വെള്ളം ഉയർന്നതിനാൽ തടസ്സപ്പെട്ട വടക്കൻ ജില്ലകളിലെ വൈദ്യുതി വിതരണം പൊലീസ് സഹായത്തോടെ പുനഃസ്ഥാപിച്ചു. 

വൈദ്യുതി ബോർഡിന്റെ 9 സബ് സ്റ്റേഷനുകൾ അടച്ചിടേണ്ടിവന്നു. നാലു ചെറിയ പവർ ഹൗസുകളും തകരാറിലായി.

മരാമത്തു വകുപ്പിന്റെ 6 പ്രധാന റോഡുകൾ അടയ്ക്കേണ്ടി വന്നു. തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ആവശ്യത്തിനു മരുന്നു ശേഖരിച്ചിട്ടുണ്ട്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com