ADVERTISEMENT

എം.പി. മന്മഥൻ ആരായിരുന്നു? കറകളഞ്ഞ ഗാന്ധിയൻ, മദ്യവിരുദ്ധ പ്രസ്‌ഥാനത്തിന്റെ അമരക്കാരൻ, കഥാപ്രസംഗകൻ, അധ്യാപകൻ, പത്രാധിപർ, കവി, നടൻ... പണത്തിന്റെയും അധികാരത്തിന്റെയും വഴികളിൽ നിന്ന് അദ്ദേഹം എന്നും മാറിനടന്നു. ധാർമിക മൂല്യങ്ങളാണ് ഏറ്റവും വലിയ സമ്പത്തെന്നു സമൂഹത്തെ പഠിപ്പിച്ചു. ഖദർ മുണ്ടും ഖദർ ജൂബയും ഖദർ ഷാളുമായി അദ്ദേഹം 3 പതിറ്റാണ്ടോളം കേരളത്തിന്റെ സമരമുഖത്തെ പ്രകാശസാന്നിധ്യമായി.

1914 മേയ് ഒന്നിന് ആലപ്പുഴയിലാണു ജനനം. ആലുവ യുസി കോളജിൽ നിന്നു ബിഎ ജയിച്ചു. പാവപ്പെട്ട വിദ്യാർഥികൾക്കായി എൻഎസ്‌എസിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ മലയാളം സ്‌കൂൾ തുടങ്ങാൻ മുന്നിട്ടിറങ്ങിയതോടെയാണ് സാമൂഹിക പ്രവർത്തനങ്ങൾക്കു തുടക്കമായത്. വള്ളത്തോളിന്റെ ‘മഗ്‌ദലനമറിയം’ കഥാപ്രസംഗമായി അവതരിപ്പിച്ചു കയ്യടി നേടിയ മന്മഥൻ സ്‌കൂളിനു പണം പിരിക്കാനും അതേമാർഗം പരീക്ഷിച്ചു. 15 വർഷം നീണ്ട കഥാപ്രസംഗ കലാജീവിതത്തിന്റെ ആരംഭം അങ്ങനെയായിരുന്നു.

1935 ൽ ഗാന്ധിജിയെ ആലുവയിൽ കണ്ടതാണു മന്മഥന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. എൻഎസ്‌എസ് കോളജുകളുടെ ഫണ്ട് ശേഖരണത്തിനായി ഉൽപന്നപ്പിരിവ് എന്ന പുതുമയുള്ള പരിപാടി മന്മഥൻ ആവിഷ്‌കരിച്ചു. ‘അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി’ എന്ന സർവമതപ്രാർഥന, പന്തളം കെ.പി. രചിച്ചത് ഈ പരിപാടിക്കു വേണ്ടിയായിരുന്നു.

1952 ലാണു മുംബൈയിൽ ജയപ്രകാശ് നാരായണനെ കാണുന്നതും സർവോദയ പ്രസ്‌ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നതും. 1980 ലാണ് കേരള മദ്യനിരോധന സമിതി പ്രസിഡന്റായത്. 1994 ഓഗസ്‌റ്റ് 15നു മരണം വരെയും അദ്ദേഹം പ്രസ്‌ഥാനത്തിനു നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com