ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതുമായി ബന്ധപ്പെട്ട റെയിൽവേ ബോർഡിന്റെ ഇരട്ടത്താപ്പ് വിവാദമാകുന്നു. അമൃത, രാജ്യറാണി എക്സ്പ്രസുകൾ സ്വതന്ത്ര ട്രെയിനാക്കുമ്പോൾ അമൃത രാമേശ്വരത്തേക്കു നീട്ടുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ സ്വതന്ത്ര ട്രെയിനായി 6 മാസം കഴിഞ്ഞിട്ടും റെയിൽവേ വാക്കു പാലിച്ചിട്ടില്ല. വൃത്തിയാക്കാനും വെളളം നിറയ്ക്കാനും രാമേശ്വരത്തു 3 മണിക്കൂർ സമയം കിട്ടില്ലെന്ന വരട്ടു ന്യായം പറഞ്ഞാണു അമൃത നീട്ടാത്തത്. 2017ലെ റെയിൽവേ ബോർഡ് ഉത്തരവിനെ കൂട്ടുപിടിച്ചാണു മെക്കാനിക്കൽ വിഭാഗം തടസ്സം പിടിക്കുന്നത്. എന്നാൽ കഴിഞ്ഞ മാസം കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് മൈസൂരുവിലേക്കു നീട്ടിയതിന് റെയിൽവേ ബോർഡ് ഉത്തരവ് ഒന്നും ബാധകമായില്ല.

ഉച്ചയ്ക്കു 11.20ന് മൈസൂരുവിലെത്തുന്ന ട്രെയിൻ 12.50ന് തിരികെ എടുക്കും. ഒന്നര മണിക്കൂറാണു വൃത്തിയാക്കാൻ ലഭിക്കുന്നത്. ഇത് ചോദ്യം ചെയ്താൽ ബോർഡിന്റെ പ്രത്യേക താൽപര്യം മൂലം അനുവദിച്ചെന്നാണ് വാദം. എന്നാൽ അത്തരം ഇളവുകളൊന്നും അമൃതയുടെ കാര്യത്തിൽ ഇല്ല.

അമൃത രാമേശ്വരത്തേക്കു നീട്ടിയാൽ 2.15 മണിക്കൂറിന്റെ ഇടവേളയാണു രാമേശ്വരത്തു കിട്ടുക. 

അമൃത സ്വതന്ത്ര ട്രെയിനാക്കിയതോടെ കോച്ചുകൾ 23 ആക്കാമെങ്കിലും ഇപ്പോഴും 18 കോച്ചുകളാണുളളത്. ഒരു തേഡ് എസിയും 4 സ്ലീപ്പറും കൂട്ടി രാമേശ്വരത്തേക്കു നീട്ടുന്നതോടെ ടിക്കറ്റ് ലഭ്യതയും കൂടും.

ട്രെയിനുകളിൽ അധിക കോച്ചുകൾ

തിരുവനന്തപുരം∙ ഭാവ്നഗർ– കൊച്ചുവേളി (19260), കൊച്ചുവേളി – ഭാവ്നഗർ (19259), കൊച്ചുവേളി– പോർബന്തർ (19261), പോർബന്തർ – കൊച്ചുവേളി (19262) എന്നീ പ്രതിവാര എക്സ്പ്രസ് ട്രെയിനുകളിൽ ഓരോ തേഡ് എസി, സ്ലീപ്പർ കോച്ചുകൾ സ്ഥിരമായി അധികമായി അനുവദിച്ചു.

ജംനഗർ – തിരുനൽവേലി (19578), തിരുനൽവേലി –ജംനഗർ (19577) എന്നീ ദ്വൈവാര എക്സ്പ്രസ് ട്രെയിനുകളിൽ ഓരോ തേഡ് എസി കോച്ചുകളും അധികമായി അനുവദിച്ചിട്ടുണ്ട്. ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം (12284), എറണാകുളം– ഹസ്രത്ത് നിസാമുദ്ദീൻ (12283) എന്നീ തുരന്തോ പ്രതിവാര എക്സ്പ്രസ് ട്രെയിനുകളിൽ ഓരോ തേഡ് എസി, സ്ലീപ്പർ കോച്ചുകൾ താൽക്കാലികമായി അധികമായി അനുവദിച്ചതായും റെയിൽവേ അറിയിച്ചു.

അറ്റകുറ്റപ്പണി: 2 ട്രെയിനുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം∙ സേലം ഡിവിഷനിലെ ഈറോഡ്– കരൂർ സെക്‌ഷനിൽ അറ്റകുറ്റപ്പണി കാരണം ട്രെയിനുകൾക്കു നാളെ നിയന്ത്രണം ഏർപ്പെടുത്തി.

 കോയമ്പത്തൂർ– നാഗർകോവിൽ പാസഞ്ചർ (56320) സേലം, നാമക്കൽ വഴി തിരിച്ചുവിടും. നാഗർകോവിൽ– മുംബൈ സിഎസ്എംടി എക്സ്പ്രസ് (16340) കരൂർ സ്റ്റേഷനിൽ 1.15 മണിക്കൂർ പിടിച്ചിടും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com